കണ്ണൂർ:പെരിങ്ങത്തൂരില്‍ കിണറ്റിൽ വീണ പുലിയെ മയക്കുവെടി വച്ചു. കിണറ്റിനുള്ളിൽ വലയിറക്കി പുലിയെ അതിനുള്ളിൽ കയറ്റി പകുതി ദൂരം ഉയർത്തിയ ശേഷമാണു മയക്കുവെടി വച്ച് പുറത്തെത്തിച്ചത്. തുടർന്ന് പുലിയെ കൂട്ടിലേക്കു മാറ്റി. കിണറിന്റെ സംരക്ഷണ ഭിത്തി തകർത്ത് അതിനു സമീപമാണ് പുലിയെ കയറ്റാനുള്ള കൂട് വച്ചിരുന്നത്.
പുലിയെ വയനാട്ടിലേക്കു കൊണ്ടുപോകും. കിണറ്റിൽ രണ്ടര കോല്‍ വെള്ളമുണ്ടായിരുന്നു. ഇത് വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാനായിരുന്നു ഡിഎഫ്ഒ അനുമതി നൽകിയത്. വനം വകുപ്പിന്റെ വയനാട്ടിൽ നിന്നുള്ള സംഘം എത്തിയ ശേഷമായിരുന്നു രക്ഷാപ്രവർത്തനം. വെറ്ററിനറി സർജൻ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലാണു മയക്കുവെടി വച്ചത്.
മലിൽ സുനീഷിന്റെ വിട്ടുവളപ്പിലെ കിണറ്റിൽ വീണ പുലിയെ രാവിലെയാണ് കണ്ടെത്തിയത്. പെരിങ്ങത്തൂർ പോലുള്ള നഗര പ്രദേശത്തേക്ക് പുഴ കടന്നായിരിക്കാം പുലി എത്തിയതെന്ന് ഡിഎഫ്ഒ പറഞ്ഞു.