ചിറ്റൂർ : കശ്മീരിൽ വാഹനാപകടത്തിൽ മരിച്ച പാലക്കാട് ചിറ്റൂർ നെടുങ്ങോട് സ്വദേശികളായ അനിൽ, സുധേഷ്, രാഹുൽ, വിഘ്നേഷ് എന്നിവരുടെ സംസ്കാരം വെള്ളിയാഴ്ച നടക്കും.
മൃതദേഹങ്ങൾ വ്യാഴാഴ്ച വൈകീട്ട് ശ്രീനഗറിൽനിന്ന് മുംബൈവഴിയുള്ള ഇൻഡിഗോ വിമാനത്തിലാണ് നാട്ടിലേക്കയച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് മൃതദേഹങ്ങൾ നോർക്ക ഏർപ്പെടുത്തിയ പ്രത്യേക ആംബുലൻസിൽ ചിറ്റൂരിലെത്തിച്ച് രാവിലെ ജെ.ടി.എസ്. പരിസരത്ത് പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന്, മന്തക്കാട് പൊതുശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടക്കും.സാരമായ പരിക്കുകളോടെ ശ്രീനഗർ സൗറയിലെ എസ്.കെ.ഐ.എം.എസ്. ആശുപത്രിയിൽ ചികിത്സയിലുള്ള മനോജ് മാധവനൊപ്പം വിനോദയാത്രാസംഘത്തിലെ ബാലൻ മുരുകൻ, കെ. ഷിജു എന്നിവർ തുടരുകയാണ്.
സംഘത്തിലുണ്ടായിരുന്ന രാജേഷ്, ആർ. സുനിൽ, ശ്രീജേഷ്, അരുൺ, പി. അജിത്ത്, സുജീവ് എന്നിവർ നാട്ടിലേക്ക് തിരിച്ചു. 13 പേരാണ് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്നത്.ഡൽഹി കേരളഹൗസിലെ നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ, അസി. ലെയ്സൺ ഓഫീസർമാരായ ടി.ഒ. ജിതിൻ രാജ്, വി. അനൂപ് എന്നിവരാണ് ശ്രീനഗറിൽനിന്നു സംഘത്തെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. സംസ്ഥാനസർക്കാരിന്റെ പ്രതിനിധിയായി കേരളഹൗസിലെ അസി. ലെയ്സൺ ഓഫീസർ ടി.ഒ. ജിതിൻ രാജും സംഘത്തെ അനുഗമിച്ചു.