സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പെര്‍സ്‌കിയുടെ ജനപ്രിയ ആന്റി വൈറസ് സോഫ്റ്റ്വെയറുകളുടെ വില്‍പന നിരോധിച്ച് യുഎസ്. ജോ ബൈഡന്‍ ഭരണകൂടമാണ് റഷ്യന്‍ കമ്പനിയുടെ ഉല്‍പന്നങ്ങള്‍ നിരോധിച്ച് ഉത്തരവിറക്കിയത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു പുറമെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും സാധാരണ ഉപഭോക്താക്കള്‍ക്കുമെല്ലാം ഉത്തരവ് ബാധകമാണ്.
സൈബര്‍ സുരക്ഷാ ഭീഷണിയെ തുടര്‍ന്നാണ് നടപടിയെന്നാണ് യു.എസ് വാണിജ്യ വകുപ്പിന്റെ വിശദീകരണം. കാസ്പെര്‍സ്‌കി ലാബ് ഉള്‍പ്പെടെയുള്ള റഷ്യന്‍ കമ്പനികളെ ആയുധമാക്കി രഹസ്യ യുഎസ് വിവരങ്ങള്‍ ചോര്‍ത്താനാകുമെന്ന് റഷ്യന്‍ ഭരണകൂടം പലതവണ വ്യക്തമാക്കിയതാണെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ജിന റൈമോണ്ടോ പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് അമേരിക്കയ്ക്കും യു.എസ് പൗരന്മാര്‍ക്കും അപകടം സൃഷ്ടിക്കാന്‍ നോക്കുന്ന ശത്രുക്കള്‍ക്കെല്ലാമുള്ള മുന്നറിയിപ്പാണിതെന്നും അവര്‍ വ്യക്തമാക്കി.
നിരോധനം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെങ്കിലും സെപ്റ്റംബര്‍ 29 വരെ യുഎസില്‍ പ്രവര്‍ത്തിക്കാന്‍ കാസ്പെര്‍സ്‌കിക്ക് അനുമതി നല്‍കിയിട്ടുണ്ട്. സോഫ്റ്റ്വെയര്‍ അപ്ഡേഷന്‍ ഉള്‍പ്പെടെയുള്ള ഏതാനും സേവനങ്ങള്‍ക്കാണ് അനുമതി നല്‍കിയിട്ടുള്ളത്. കൂടുതല്‍ യോജിച്ച ബദല്‍ സോഫ്റ്റ്വെയറുകള്‍ കണ്ടെത്തുന്നതു വരെ രാജ്യത്തെ ബിസിനസ് സംരംഭങ്ങളുടെയും ഉപയോക്താക്കളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനാണ് ഇത്തരമൊരു തീരുമാനം. ഈ സമയം വരെ കാസ്പെര്‍സ്‌കിയുടെ ആന്റി വൈറസുകള്‍ ഉപയോഗിക്കുന്നതിനു സാധാരണക്കാര്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും വിലക്കില്ല. സെപ്റ്റംബറിനു മുന്‍പ് പുതിയ സോഫ്റ്റ്വെയറുകള്‍ കണ്ടെത്തണമെന്നാണ് വാണിജ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.
ഇതിനുശേഷം കാസ്പെര്‍സ്‌കിയുടെ ആന്റി വൈറസുകള്‍ വില്‍പന നടത്തിയാല്‍ കനത്ത പിഴ നേരിടേണ്ടിവരും. മനഃപൂര്‍വം നിയമം ലംഘിക്കുന്നത് കണ്ടെത്തിയാല്‍ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കും. അതേസമയം, ഉപഭോക്താക്കള്‍ക്കെതിരെ നടപടിയുണ്ടാകില്ലെന്നാണ് അറിയുന്നത്.
മോസ്‌കോ ആസ്ഥാനമായുള്ള കാസ്പെര്‍സ്‌കിക്ക് 31 രാഷ്ട്രങ്ങളില്‍ ഓഫിസുകളുണ്ട്. 200 രാജ്യങ്ങളിലായി 2,70,000 കോര്‍പറേറ്റ് കമ്പനികളില്‍ കാസ്പെര്‍സ്‌കി ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇതിനു പുറമെ 40 കോടി ഉപഭോക്താക്കളുമുണ്ടെന്നാണ് വിവരം. പ്രമുഖ ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ പ്യാജിയോ, ഫോക്സ്വാഗന്‍, ഖത്തര്‍ ഒളിംപിക്സ് കമ്മിറ്റി ഉള്‍പ്പെടെ തങ്ങളുടെ ഉപഭോക്താക്കളാണെന്ന് കമ്പനിയുടെ വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നുണ്ട്.
കാസ്പെര്‍സ്‌കിക്ക് റഷ്യന്‍ ഇന്റലിജന്‍സ് വിഭാഗവുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇതിനുമുന്‍പും കമ്പനിക്കെതിരെ യുഎസില്‍ നടപടിയുണ്ടായിരുന്നു. 2017ലാണ് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചത്. റഷ്യന്‍ കമ്പനികളെ ചൂഷണം ചെയ്ത് ചാരപ്രവര്‍ത്തനവും രഹസ്യവിവരങ്ങള്‍ ചോര്‍ത്തലും നടത്തുന്നുവെന്നാണ് ആരോപണമുയര്‍ന്നിരുന്നത്. റഷ്യയുടെ യുക്രൈന്‍ ആക്രമണത്തിനുശേഷവും കാസ്പെര്‍സ്‌കിയുടെ സോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കരുതെന്ന് യുഎസ് കമ്പനികള്‍ക്ക് ഭരണകൂടം മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ റഷ്യന്‍ ഭരണകൂടത്തിന് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്ന ആരോപണങ്ങള്‍ കാസ്പെര്‍സ്‌കി നിഷേധിച്ചിട്ടുണ്ട്.