വയനാട് ജില്ലയിലെ മുണ്ടക്കൈയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്കിലെ ജീവനക്കാര്‍ 5.25 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിയ്ക്കല്‍ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സഹകരണ, തുറമുഖ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, കേരള ബാങ്ക് എംപ്ലോയിസ് ഫെഡറേഷന്‍ (KBEF) പ്രസിഡന്റ് കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ,
ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജോര്‍ട്ടി എം ചാക്കോ, KBEF ജനറല്‍ സെക്രട്ടറി കെ.ടി. അനില്‍കുമാര്‍, കേരള ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.എസ്. ശ്യാംകുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു. കേരള ബാങ്കിലെ ജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനമെടുക്കുകയും ജീവനക്കാരുടെ സംഘടനകള്‍ ഈ തീരുമാനത്തെ പിന്തുണയും ചെയ്തതിനെ തുടര്‍ന്നാണ് ചെക്ക് കൈമാറിയത്.
കേരള ബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജൂലായ് 30ന് തന്നെ നല്‍കിയിരുന്നു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരള ബാങ്ക് ചൂരല്‍മല ശാഖയിലെ വായ്പക്കാരില്‍ മരണപ്പെട്ടവരുടെയും ഈടു നല്‍കിയ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരുടെയും മുഴുവന്‍ വായ്പകളും എഴുതി തള്ളുന്നതിന് ബാങ്ക് ഭരണസമിതി യോഗം തീരുമാനിച്ചിരുന്നു. ഗോപി കോട്ടമുറിക്കല്‍ പ്രസിഡന്റ്, ജോര്‍ട്ടി എം ചാക്കോ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍.