തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയിൽ ചെയർമാൻ രഞ്ജിത്തും ജനറൽ കൗൺസിൽ അംഗങ്ങളും തമ്മിലുള്ള പോര് മുറുകുന്നു. ജനറൽ കൗൺസിൽ അംഗങ്ങളുമായി കൂടിയാലോചിക്കാതെ എക്സിക്യൂട്ടിവ് ബോർഡ് വിപുലപ്പെടുത്താനും ജനറൽ കൗൺസിൽ അംഗമായ കുക്കു പരമേശ്വരനെ ഭരണസമിതിയിലേക്ക് നാമനിർദേശം ചെയ്യാനുമുള്ള തീരുമാനമാണ് ഒരുവിഭാഗം അംഗങ്ങളെ ചൊടിപ്പിച്ചത്. ഇതോടെ ചെയർമാൻ രഞ്ജിത്തിനെതിരെ പരസ്യപ്രസ്താവനയുമായി ജനറൽ കൗൺസിൽ അംഗങ്ങൾ മാധ്യമങ്ങൾക്ക് മുന്നിലെത്തി.
അക്കാദമിക്ക് ബൈലോയുണ്ടെന്നും അതുപ്രകാരമേ എക്സിക്യൂട്ടിവ് ബോർഡിലേക്ക് നാമനിർദേശം നടത്താൻ കഴിയൂവെന്നും ജനറൽ കൗൺസിൽ അംഗം മനോജ് കാന മാധ്യമങ്ങളോട് പറഞ്ഞു. വരിക്കാശ്ശേരി മനയിലെ ലൊക്കേഷനല്ല അക്കാദമിയെന്ന് രഞ്ജിത്ത് മനസ്സിലാക്കണം. അക്കാദമിയുടെ ഭരണസമിതിയായ എക്സിക്യൂട്ടിവിലേക്ക് കുക്കു പരമേശ്വരനെ നാമനിർദേശം ചെയ്യാനുള്ള തീരുമാനം ജനറൽ കൗൺസിലിൽ ചർച്ച ചെയ്തിട്ടില്ല. ഇതൊന്നും ഒരാൾക്ക് തീരുമാനിക്കാൻ കഴിയുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ രഞ്ജിത്തും വൈസ് ചെയർമാൻ പ്രേംകുമാറുമടക്കം ഒമ്പത് പേരാണ് അക്കാദമിയുടെ ഭരണസമിതിയായ എക്സിക്യൂട്ടിവ് ബോർഡിലുള്ളത്. സർക്കാർ നോമിനേറ്റ് ചെയ്യുന്ന 15 അംഗ ജനറൽ കൗൺസിൽ അംഗങ്ങളിൽനിന്ന് രണ്ടുപേരെ പിന്നീട് സർക്കാർ തന്നെ ഭരണസമിതിയിലേക്ക് നിയമിക്കും.
നിലവിൽ സംവിധായകനും നടനുമായ ശങ്കർ രാമകൃഷ്ണനും പ്രകാശ് ശ്രീധറുമാണ് അത്തരത്തിൽ തെരഞ്ഞെടുക്കപ്പെട്ടവർ. മൂന്നാമത് ഒരാളെക്കൂടി ഉൾപ്പെടുത്തണമെങ്കിൽ ബൈലോ പരിഷ്കരിക്കേണ്ടിവരും. ഇതിന് ജനറൽ കൗൺസിലിൽ ഭൂരിപക്ഷത്തിന്റെ അംഗീകാരം വേണം. നിലവിൽ ഈ ഭൂരിപക്ഷം രഞ്ജിത്തിന് ഇല്ലെന്നാണ് വിമതവിഭാഗത്തിന്റെ വാദം. ചെയർമാൻ കാണിക്കുന്ന മാടമ്പിത്തരം വെച്ചുപൊറുപ്പിക്കില്ലെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റും ജനറൽ കൗൺസിൽ അംഗവുമായ എൻ. അരുൺ പറഞ്ഞു. രഞ്ജിത്തിനെ സർക്കാർ തിരുത്തണം അല്ലെങ്കിൽ പുറത്താക്കണം. ഇതിൽ ഒരുതരത്തിലുള്ള വിട്ടുവീഴ്ചക്കും തയാറല്ലെന്നും അരുൺ പറഞ്ഞു.
എന്നാൽ അക്കാദമിയിൽ ഭിന്നതയില്ലെന്നും കുക്കുവിനെ ഭരണസമിതിയിലേക്ക് ശിപാർശ ചെയ്തുകൊണ്ടുള്ള കത്ത് ഉടൻ സാംസ്കാരിക മന്ത്രിക്ക് നൽകുമെന്നും രഞ്ജിത്ത് പറഞ്ഞു. അക്കാദമിയിലെ ചേരിപ്പോര് ഒത്തുതീർക്കാൻ സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
രഞ്ജിത്തിനെതിരായ പ്രശ്നങ്ങൾ വ്യക്തിപരമെന്നാണ് സാംസ്കാരിക വകുപ്പിന്റെ വാദം. അതുകൊണ്ടുതന്നെ രഞ്ജിത്തിന്റെ രാജിയിലേക്ക് പോകേണ്ടതില്ലെന്നും പ്രശ്നങ്ങൾ പറഞ്ഞുതീർക്കാൻ കഴിയുമെന്നുമാണ് സർക്കാറിന്റെ വിശ്വാസം.
അക്കാദമി ചെയർമാന്റെ കസേരയിൽ ഇരുന്നുകൊണ്ടല്ല അഭിപ്രായം പറഞ്ഞതെന്നും തന്റെ വീടിന്റെ വരാന്തയിലിരുന്ന് നടത്തിയ സാധാരണ സംഭാഷണമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തീർത്തും സൗഹൃദ സംഭാഷണമാണത്. വീടിന്റെ വാതിൽ ഞാൻ അടയ്ക്കാറില്ല. പത്രക്കാർ വന്നു. അവർ, ഏറെ ദൂരത്തുനിന്ന് വന്നതല്ലേ. ഞാൻ സംസാരിച്ചു. ശരിയായ രീതിയിൽ വസ്ത്രം പോലും ധരിച്ചിരുന്നില്ല. ചിലർ വിളിച്ച് ചോദിച്ചു. നല്ല കുപ്പായം ഇട്ടൂടേയെന്ന്. എന്റെ പഴയകാല സിനിമകളെ കുറിച്ച് ചോദ്യങ്ങൾ വന്നപ്പോൾ, അതല്ല, ചലചിത്രമേളയെ കുറിച്ചൊക്കെ ചോദിക്കൂവെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ഇത് റെക്കോഡ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ചു. ഇല്ല സ്റ്റിൽസ് എടുക്കുന്നുവെന്നാണ് പറഞ്ഞത്. അവരിപ്പോൾ, അത് ടെലിക്കാസ്റ്റ് ചെയ്തു -രഞ്ജിത്ത് പറഞ്ഞു. ഡോ. ബിജുവിന്റെ ചിത്രമായ ‘അദൃശ്യ ജാലകങ്ങൾ’ ചലച്ചിത്രമേളയിൽപോലും കാണാൻ ആളില്ലെന്നും സിനിമ ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നുവെന്ന് ചിന്തിക്കുന്നവർ വിഡ്ഢികളുമാണെന്നുമായിരുന്നു അഭിമുഖത്തിലെ രഞ്ജിത്തിന്റെ പരാമർശങ്ങൾ.