തിരുവനന്തപുരം: കേരളത്തില്‍ ശിക്ഷ കുറവായതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തി മോഷണം നടത്തിയ ആള്‍ പിടയില്‍. മാലപൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്‌നാട് സ്വദേശി നന്ദശീലന്‍ (25) ആണ് പിടിയിലായത്. മധുര രാമനാഥപുരം പരമക്കുടി സ്വദേശിയാണ് നന്ദശീലന്‍. സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് മോഷണ ശ്രമം നടത്തിയതെന്നും പ്രതി പറഞ്ഞു.
നെടുമങ്ങാട് കൊല്ലങ്കാവ് സ്വദേശി സുനിതയുടെ സ്വര്‍ണമാല പൊട്ടിക്കാനാണ് ശ്രമം നടത്തിയത്. ശ്രമം പരാജയപ്പെട്ടപ്പോള്‍ യുവതിയെ തള്ളിയിട്ടതിന് ശേഷം രക്ഷപ്പെടാനും നന്ദശീലന്‍ ശ്രമം നടത്തിയിരുന്നു. മോഷണം നടത്തിയെ പ്രതിയെ പിടികൂടാന്‍ ശ്രമിച്ച ബൈക്ക് യാത്രികനെയും ആക്രമിച്ചു. മുളക് പൊടി വിതറുകയും പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താനുമാണ് പ്രതി ശ്രമിച്ചത്.
സുനിതയുടെയും ബൈക്ക് യാത്രികന്റെയും പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. സാമ്പത്തിക ബാധ്യത മൂലമാണ് താന്‍ മോഷണ ശ്രമം നടത്തിയതെന്നാണ് പ്രതി പറയുന്നത്. തമിഴ്‌നാട്ടില്‍ ശിക്ഷ കൂടുതലാണെന്നും കേരളത്തില്‍ ശിക്ഷ കുറവായതിനാലാണ് ഈ സ്ഥലം തെരഞ്ഞെടുത്തതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
സംഭവ ദിവസം തിരുനെല്‍വേലിയില്‍നിന്ന് തെങ്കാശി വഴി ബൈക്കിലാണ് പ്രതി പാലോടെത്തിയത്. തുടര്‍ന്ന്, എടിഎമ്മില്‍ നിന്നും പണം എടുത്തിന് ശേഷം നെടുമാങ്ങാടേക്ക് പോയി. പിന്നാലെ പുത്തന്‍ പാലത്തിന് സമീപത്ത് വച്ച് സ്‌കൂട്ടറില്‍ മകനുമായി വീട്ടിലേക്ക് പോയ കൊല്ലങ്കാവ് സ്വദേശിനി സുനിതയുടെ കഴുത്തില്‍ കിടന്ന സ്വര്‍ണമാല പിടിച്ചുപറിക്കാനായിരുന്നു ശ്രമം. ഇത് പരാജയപ്പെട്ടപ്പോഴായിരുന്നു സുനിതയെ ചവിട്ടി തള്ളിയിട്ടതിന് ശേഷം പ്രതി രക്ഷപ്പെട്ടത്.