തിരുവനന്തപുരം: സപ്ലൈകോയ്ക്ക് 100 കോടി രൂപ അനുവദിച്ചു. സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. അവശ്യ നിത്യോപയോഗ സാധനങ്ങള്‍ 35 ശതമാനം വരെ വില കുറച്ച് സപ്ലൈയ്കോ സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്നതിനാണ് സഹായം. ഓണത്തിനു മുന്നോടിയായി സാധനങ്ങള്‍ എത്തിക്കുന്ന സപ്ലൈയര്‍മാര്‍ക്ക് തുക നല്‍കുന്നതിനടക്കം ഈ തുക വിനിയോഗിക്കാനാകുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.
വിപണി ഇടപടലിന് ഈ സാമ്പത്തിക വര്‍ഷം 205 കോടി രൂപയാണ് ബജറ്റ് വിഹിതം അനുവദിച്ചതെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ ആവശ്യത്തിനായി ബജറ്റില്‍ വകയിരുത്തിയിരുന്നത് 205 കോടി രൂപ ആയിരുന്നുവെങ്കിലും 391 കോടി രൂപ അനുവദിച്ചിരുന്നു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് 50 ജനപ്രിയ ഉത്പന്നങ്ങള്‍ക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നല്‍കും എന്ന് കഴിഞ്ഞ മാസം 25ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. സപ്‌ളൈകോ ഹാപ്പി അവേഴ്‌സ് എന്ന പേജിലാണ് ഈ പദ്ധതി.
സംസ്ഥാനത്തെ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതല്‍ മൂന്നു മണിവരെ വരെ പൊതുജനങ്ങള്‍ക്കു പ്രത്യേക വിലക്കുറവില്‍ സാധനങ്ങള്‍ വാങ്ങാനാകുമെന്നാണ് അറിയിപ്പ്. സബ്സിഡി ഇല്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ബില്‍ തുകയില്‍ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവ് ഈ പദ്ധതി പ്രകാരം നല്‍കും. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ജില്ലകളിലും സപ്ലൈകോയുടെ സിഗ്‌നേച്ചര്‍ മാര്‍ട്ടുകള്‍ തുറക്കാനും പദ്ധതിയുണ്ട്. ഓരോ സൂപ്പര്‍ മാര്‍ക്കറ്റ് വീതം ആധുനിക നിലവാരത്തില്‍ നവീകരിച്ചാകും സിഗ്‌നേച്ചര്‍ മാര്‍ട്ടുകളാക്കുക.