കേരള ലോട്ടറി നറുക്കെടുപ്പ് സമയം പുനക്രമീകരിക്കണമെന്ന ആവശ്യം ചെറുകിട ലോട്ടറി കച്ചവടക്കാർക്കിടയിൽ ശക്തം. ടിക്കറ്റുകൾ വിറ്റുതീരാതെ നഷ്ടം നേരിടുന്ന സാഹചര്യത്തിലാണ് ചെറുകിട ലോട്ടറി കച്ചവടക്കാർ ആവശ്യം ഉയർത്തുന്നത്. നറുക്കെടുപ്പ് സമയം ഒരു മണിക്കൂർ കൂടി നീട്ടിയാൽ കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ചു നഷ്ടം കുറയ്ക്കാമെന്ന് അവർ വ്യക്തമാക്കുന്നു. തിരുവനന്തപുരം ഗോർഖി ഭവനിൽ ഭാഗ്യക്കുറി വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വൈകുന്നേരം മൂന്നു മണിക്കാണ് പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് നടക്കുക.
ഒരു മണിക്കൂറിനുള്ളിൽ നറുക്കെടുപ്പ് പൂർത്തിയാകും. പ്രതിവാര ഭാഗ്യക്കുറികളുടെ നറുക്കെടുപ്പ് വൈകുന്നേരം നാല് മണിക്ക് ആക്കണമെന്നാണ് ചെറുകിട കച്ചവടക്കാരുടെ ആവശ്യം.
ഒരു മണിക്കൂർ കൂടി അധികം ലഭിച്ചാൽ കൈയിലുള്ള ടിക്കറ്റുകൾ പരമാവധി വിറ്റഴിക്കാനാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.