തിരുവനന്തപുരം: വ്യാഴാഴ്ച മുതൽ 4 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖയ്ക്കും സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് മഴ. ഡിസംബര്‍ 12 മുതല്‍ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്.
വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
വരും മണിക്കൂറുകളില്‍ ന്യൂനമർദ്ദം വീണ്ടും ശക്തിപ്രാപിച്ച് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഡിസംബര്‍ പതിനൊന്നോടെ ശ്രീലങ്ക – തമിഴ്നാട് തീരത്തിനു സമീപം എത്തിച്ചേരാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഫലമായാണ് സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകുന്നത്.
വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള തീരത്തും വെള്ളിയാഴ്ച ലക്ഷദ്വീപ് തീരത്തും മീൻപിടിക്കാൻ പോകരുത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ കേരള തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട് എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.