തിരുവനന്തപുരം: നിതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാമതെത്തി കേരളം. 79 പോയിന്റുള്ള കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാമതുണ്ട്. 78 പോയിന്റോടെ തമിഴ്നാടും 77 പോയിന്റോടെ ഗോവയുമാണ് തൊട്ട് പിന്നിലുള്ളത്. 2023-24 വര്‍ഷത്തെ നിതി ആയോഗിന്റെ സൂചികയിലാണ് മികവ് തുടര്‍ന്നത്. 57 പോയിന്റുള്ള ബിഹാര്‍, 62 പോയിന്റുള്ള ജാര്‍ഖണ്ഡ്, 63 പോയിന്റുള്ള നാഗാലാന്‍ഡ് എന്നിവയാണ് പിന്നില്‍. 16 വികസന സൂചികകളുടെ അടിസ്ഥാനത്തിലാണ് നിതി ആയോഗ് പട്ടിക തയ്യാറാക്കുന്നത്.
2020-21 ല്‍ പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയില്‍ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമതെത്തിയത്. പുതിയ വികസന സൂചികയില്‍ നാല് പോയിന്റ് കൂടി ഉയര്‍ത്തിയാണ് കേരളം നേട്ടം ആവര്‍ത്തിച്ചത്. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊര്‍ജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങള്‍ പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.
കേന്ദ്രഭരണ പ്രദേശങ്ങളില്‍ ചണ്ഡിഗഡാണ് മുന്നില്‍. ജമ്മു-കശ്മീര്‍, പുതുശ്ശേരി, അന്‍ഡമാന്‍ നിക്കോബാര്‍, ഡല്‍ഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് തുടര്‍ന്നുള്ളത്. ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുന്‍നിര്‍ത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും അതിനു ജനങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.