23 December 2024

ഇന്ന് സ്വര്‍ണ്ണം വാങ്ങുന്നവരുടെ എണ്ണം വളരെ കൂടുതലാണെങ്കിലും അവ ധരിക്കുന്ന ആളുകളുടെ എണ്ണം വളരെ കുറവാണ്. പലരും സുരക്ഷിത നിക്ഷേപമായി കണ്ട് ഇത്തരത്തില്‍ വാങ്ങിക്കൂട്ടുന്ന സ്വര്‍ണ്ണം ബാങ്ക് ലോക്കറിലാണ് സൂക്ഷിക്കുന്നത്. സ്വര്‍ണ്ണം മാത്രമല്ല വിലപ്പെട്ട വസ്തുക്കള്‍, രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ അങ്ങനെ എല്ലാം നമുക്ക് ബാങ്ക് ലോക്കറുകളില്‍ സൂക്ഷിക്കാന്‍ സാധിക്കും. രാജ്യത്തെ ബാങ്കുകള്‍ ഓരോ നിരക്കുകളില്‍ ആണ് ലോക്കറിനുള്ള തുക ഈടാക്കുന്നത്. എസ്ബിഐ അടക്കമുള്ള മുന്‍നിര ബാങ്കുകളുടെ ലോക്കല്‍ നിരക്കുകള്‍ ഗ്രാമീണ ബാങ്കുകളുടെ ലോക്കര്‍ ചാര്‍ജുകളും തമ്മില്‍ വലിയ അന്തരം ഉണ്ട്.

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ് ബി ഐ ചെറിയ ലോക്കറിന് 2000 രൂപയും ജിഎസ്ടിയും ആണ് ഈടാക്കുന്നത്. ഏറ്റവും വലിയ ലോക്കറിന് 12000 രൂപയും ജിഎസ്ടിയും ആണ് എസ് ബി ഐ ഈടാക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്ക് ആണ് അടുത്തത്. പഞ്ചാബ് നാഷണല്‍ ബാങ്കിന് ഗ്രാമീണ മേഖലയില്‍ 1250 രൂപയും നഗര മേഖലയില്‍ 2000 രൂപയും ആണ് ലോക്കര്‍ ഫീസായി ഈടാക്കുന്നത്. ശേഷം ഓരോ തവണ ലോക്കര്‍ തുറക്കുന്നതിനും 100 രൂപ വീതം അധികമായും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നല്‍കേണ്ടിവരും.

ഗ്രാമീണ മേഖലയില്‍ ആയിരം രൂപയും നഗരമേഖലയില്‍ 2000 രൂപയുമാണ് കനറാ ബാങ്ക് ഏറ്റവും ചെറിയ ലോക്കറിനായി ഈടാക്കുന്നത്. ഈ തുകയ്ക്ക് പുറമേ ജിഎസ്ടി ചാര്‍ജ് കൂടി ഉപയോക്താക്കള്‍ അടക്കേണ്ടി വരും.

എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് അടുത്തത്. രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി ഗ്രാമീണ മേഖലയില്‍ ലോക്കറിന് 550 രൂപയും നഗര മേഖലയില്‍ 1350 രൂപയുമാണ് ഈടാക്കുന്നത്. ഏറ്റവും ചെറിയ ലോക്കറിനുള്ളതാണ് ഈ തുക. ഐസിഐസിഐ ബാങ്ക് ലോക്കറിന് ഗ്രാമീണ മേഖലകളില്‍ 1200 രൂപയും നഗരപ്രദേശങ്ങളില്‍ 3500 രൂപയും ആണ് ഈടാക്കുന്നത്

പല വലിപ്പത്തിലുള്ള ബാങ്ക് ലോക്കറുകള്‍ ലഭ്യമാണ്. രണ്ട് ചാവികളാണ് ഈ ലോക്കറിന് ഉണ്ടാവുക. അവയിലൊന്ന് ബാങ്കും മറ്റൊന്ന് ഉപഭോക്താവും സൂക്ഷിക്കും. ബാങ്കില്‍ അക്കൗണ്ട് ഉള്ളവരെയാണ് സാധാരണയായി ലോക്കര്‍ തുറക്കാന്‍ അനുവദിക്കാറ്. കെവൈസി മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് ലോക്കര്‍ തുറക്കാന്‍ അനുവദിക്കുക. ആധാര്‍, പാന്‍കാര്‍ഡ് തുടങ്ങിയവയെല്ലാം ഇതിനായി ഹാജരാക്കണം.ബാങ്ക് ലോക്കറുകള്‍ താരതമ്യേന സുരക്ഷിതം തന്നെയാണ്. ബാങ്കുകള്‍ക്ക് പ്രത്യേകം കാവലുണ്ടായിരിക്കും. എങ്കില്‍പ്പോലും ലോക്കറിലെ വസ്തുക്കള്‍ക്ക് നാശം സംഭവിച്ചാലോ നഷ്ടപ്പെട്ടാലോ ബാങ്കുകള്‍ അതിന്റെ ബാധ്യത ഏല്‍ക്കാറില്ല. ഇത് കരാറില്‍ കൃത്യമായി പറഞ്ഞിരിക്കും. ഈ വിഷയത്തില്‍ ഇന്‍ഷൂറന്‍സ് കമ്പനികളുടെ സഹായമാണ് ബാങ്കുകള്‍ തേടാറുള്ളത്. ലോക്കറുകളെല്ലാം ഇന്‍ഷൂര്‍ ചെയ്തിരിക്കും. മോഷണമോ തീപിടിത്തമോ ഉണ്ടായി ലോക്കറിലെ വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ ഈ ഇന്‍ഷൂറന്‍സ് ഉപകാരപ്പെടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!