4 January 2025

കൊച്ചി: പുതുവര്‍ഷാഘോഷങ്ങള്‍ക്കായി കൊച്ചി മെട്രോയിലൂടെ യാത്ര ചെയ്തത് 1.3 ലക്ഷം പേര്‍. ഡിസംബര്‍ 31 മുതല്‍ പുതുവര്‍ഷ പുലര്‍ച്ചെ വരെ മാത്രമാണ് 1.3 ലക്ഷം പേര്‍ കൊച്ചി മെട്രോയിലൂടെ യാത്ര ചെയ്തത്. അതേസമയം ഡിസംബര്‍ മാസത്തില്‍ മാത്രം 32,35,027 പേര്‍ യാത്ര ചെയ്തതോടെ പ്രതിമാസ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന നേടിയിരിക്കുക.ഡിസംബറില്‍ യാത്രാടിക്കറ്റ് ഇനത്തില്‍ 10.15 കോടി രൂപ വരുമാനം നേടി. മുന്‍വര്‍ഷം ഡിസംബറിലെ യാത്രക്കാരുടെ ആകെ എണ്ണം 29,59,685 ഉം വരുമാനം 9,24,69,402 ഉം ആയിരുന്നു.

പ്രതിദിന യാത്രക്കാരുടെ എണ്ണം 1.5 ലക്ഷത്തിലെത്തിക്കാനാണ് 2025 ല്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞവര്‍ഷം പ്രതിദിനം ഒരു ലക്ഷം യാത്രക്കാരെയാണ് ലക്ഷ്യമിട്ടിരുന്നത്. കൂട്ടായ പരിശ്രമത്തിലൂടെ അത് നേടി. നിരക്കുകളുടെ യുക്തിസഹമായ ഏകീകരണം, വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ നിരക്കിളവ്, സോഷ്യല്‍ മീഡിയ വഴിയുളള പ്രചരണം, കൃത്യതയാര്‍ന്ന സര്‍വീസ്, ശുചിത്വം, ജീവനക്കാരുടെ മികച്ച പെരുമാറ്റം, യാത്രക്കാരുടെ സഹകരണം തുടങ്ങിയ നിരവധി ഘടകങ്ങള്‍ ഈ നേട്ടം കൈവരിക്കുന്നതിന് സഹായിച്ചു’- കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബഹ്റ പറഞ്ഞു.

ടിക്കറ്റിംഗിനായി ഏറ്റവും കൂടുതല്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്ന രാജ്യത്തെ ഏക മെട്രോയാണിതെന്നും ഈ വര്‍ഷം ടിക്കറ്റിംഗ് സമ്പ്രദായം സമ്പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാനാണ് പരിശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിലൂടെ കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യം.

അതേസമയം വാട്ടര്‍ മെട്രോയില്‍ ഇതേവരെ 35 ലക്ഷത്തോളം പേരാണ് യാത്ര ചെയ്തത്. ഈ വര്‍ഷം 15 ബോട്ടുകള്‍ക്കുള്ള ഓര്‍ഡര്‍ കൂടി നല്‍കുമെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!