കോലി ആരാധകര്‍ക്ക് നിരാശ പടര്‍ത്തുന്ന വാര്‍ത്തകളാണ് ഇന്ത്യന്‍ പരിശീലന ക്യാമ്പില്‍ നിന്നും പുറത്തുവരുന്നത്. നെറ്റ്‌സില്‍ പരിശീലനത്തിനിടെ ജസ്പ്രീത് ബുംമ്രയുടെ 15 പന്തുകള്‍ നേരിട്ട കോലി നാല് തവണയാണ് പുറത്തായത്. തുടര്‍ച്ചയായി ബാറ്റിങ്ങില്‍ വിഷമിച്ച കോലിയോട് നിങ്ങള്‍ ബാറ്റിങ്ങില്‍ ബുദ്ധിമുട്ടുകയാണെന്ന് ബുംമ്ര പറഞ്ഞു.
ഇന്നലെ കാണ്‍പൂരില്‍ കോച്ച് ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ നടന്ന പരിശീലന സെഷനില്‍ ജസ്പ്രീത് ബുമ്രയും 15 പന്തുകളാണ് കോലി നെറ്റ്‌സില്‍ നേരിട്ടത്. ഇതില്‍ നാലു തവണ കോലി പുറത്തായതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തുടക്കത്തില്‍ ബുമ്രയ്‌ക്കെതിരെ കവര്‍ ഡ്രൈവ് കളിച്ച് ആത്മവിശ്വാസം പ്രകടിപ്പിച്ചെങ്കിലും പിന്നീട് കോലിക്ക് അടിതെറ്റി. ഒരു തവണ കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ ബുമ്ര അത് പ്ലംബ് ആണെന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്തു.
പിന്നീട് രവിചന്ദ്ര അശ്വിനും അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും ബൗള്‍ ചെയ്യുന്ന രണ്ടാം നെറ്റ്‌സിലെത്തിയപ്പോഴാകട്ടെ സ്പിന്നര്‍മാര്‍ക്കെതരെ ഇന്‍സൈഡ് ഔട്ട് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ മൂന്ന് തവണ പിഴച്ചു.
ഇതോടെ കോലി ആകെ അസ്വസ്ഥനായെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നീട് അക്‌സറിന്റെ പന്തില്‍ കോലി ക്ലീന്‍ ബൗള്‍ഡായി. അതോടെ ബാറ്റിംഗ് പരിശീലനം മതിയാക്കി ശുഭ്മാന്‍ ഗില്ലിനായി കോലി നെറ്റ്‌സ് ഒഴിഞ്ഞുകൊടുത്തു.