25 December 2024

കൊല്ലം: ഓയൂരിൽ ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വഴി ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത പത്മകുമാറിന്റെ മകൾ അനുപമ യൂട്യൂബിൽ താരം. 5 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. 381 വീഡിയോകള്‍ അപ്ലോഡ് ചെയ്ത ചാനലിന് വലിയ ഫോളോവേഴ്സാണുള്ളത്. ഇംഗ്സീഷിലുള്ള വിവരണങ്ങൾക്ക് ലക്ഷക്കണക്കിന് വ്യൂവേഴ്സുമുണ്ട്.

ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചാണ് വീഡിയോകൾ ഏറെയും. ഇവരുടെ വൈറൽ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോർട്സുമാണ് അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനലിൽ കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ചാനലിൽ അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. അമേരിക്കൻ സെലിബ്രിറ്റി കിം കർദാഷ്യനെക്കുറിച്ചാണ് വീഡിയോ. കിം കർദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളിൽ ഏറെയും. നായകളെ ഇഷ്ടപ്പെടുന്ന അനുപമ തന്‍റെ വളർത്തുനായകൾക്ക് ഒപ്പമുള്ള വീഡിയോളും യൂട്യൂബിൽ അപ്‍ലോഡ് ചെയ്തിട്ടുണ്ട്.

ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ ആറുവയസുകാരിയെ പാർപ്പിച്ചെന്ന് കരുതുന്ന ഫാം ഹൗസിലെ റംബൂട്ടാൻ വിളവെടുപ്പ് വീഡിയോയും യൂട്യൂബിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലും അനുപമയ്ക്ക് ഫോളോവേഴ്സുണ്ട്. 14,000 പേരാണ് അനുപമയെ ഫോളോ ചെയ്യുന്നത്. വളർത്തുനായകളെക്കുറിച്ചുള്ള അപ്ഡേറ്റുകളും അനുപമയുടെ സോഷ്യൽ മീഡിയ അക്കൌണ്ടുകളിലുണ്ട്. അനുപമ പരിചരിക്കുന്ന നായകൾക്കായി ഷെൽട്ടർ ഹോം തുടങ്ങാനും ആഗ്രഹിച്ചിരുന്നു. ഇതിനായി സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യർത്ഥിച്ച് അനുപമ പോസ്റ്റിട്ടിരുന്നു.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളായ പത്മകുമാർ, ഭാര്യ എംആർ അനിതകുമാരി(45)., മകൾ പി അനുപമ(20) എന്നിവരുടെ അറസ്റ്റ് പൂയപ്പള്ളി പൊലീസ് രേഖപ്പെടുത്തി. ഇവര്‍ മൂന്ന് പേരെയും തെങ്കാശിയിൽ വെച്ചാണ് ഇന്നലെ പൊലീസ് പിടികൂടിയത്. പ്രതികളെ എ ആര്‍ ക്യാമ്പിൽ നിന്നും പൂയപ്പള്ളി സ്റ്റേഷനിലേക്ക് മാറ്റും. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!