കോട്ടയം : നട്ടാശേരി സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം 7നു നടക്കും. പള്ളിയുടെ കല്ലിട്ട പെരുന്നാളും ദുക്റോനോ പെരുന്നാളും സംയുക്തമായി ആഘോഷിക്കും. രാവിലെ 6.45 പ്രഭാത നമസ്കാരം, കുർബാനയ്ക്കു ഗീവർഗീസ് റമ്പാൻ മാവേലിക്കര കാർമികത്വം വഹിക്കും. 9.30നു കേന്ദ്രമന്ത്രി ജോർജ് കുര്യൻ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.
ജൂബിലി പദ്ധതികളുടെ ഭാഗമായി രോഗികൾക്കുള്ള ചികിത്സാ സഹായത്തിന്റെ വിതരണ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എംപി, വിദ്യാഭ്യാസ സ്കോളർഷിപ്പിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ എന്നിവർ നിർവഹിക്കും.
ഇടവകയിൽ 40 വർഷം ശുശ്രൂഷ ചെയ്ത സഭയിലെ സീനിയർ വൈദികൻ വി.വി. ബഹനാൻ കോറെപ്പിസ്കോപ്പയെ അനുമോദിക്കും.1935 മുതൽ കോട്ടയം ചെറിയ പള്ളിയിൽ നട്ടാശേരി കരയിലുള്ള അംഗങ്ങൾക്കായി സൺഡേസ്കൂൾ പ്രവർത്തിച്ചിരുന്നു.
ഈ സൺഡേ സ്കൂളാണ് ഇടവകയായി മാറിയത്. 1951 ജൂലൈ 15നു പള്ളിയുടെ കൂദാശ പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവ നിർവഹിച്ചു.
പെരുന്നാളിനു വികാരി ഫാ.പി.എ.ഫിലിപ്പ്, ജേക്കബ് കുരുവിള, റോയി കുര്യൻ, പി.എം.തോമസ് പുതുപ്പള്ളിമാലിയിൽ എന്നിവർ നേതൃത്വം നൽകും.