കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂര്‍ മഹാക്ഷേത്രത്തില്‍ വൈശാഖ മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു ഓരോ വകുപ്പുകളെയും ഏല്‍പിച്ച പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ നിര്‍ദേശിച്ചു.
കൊട്ടിയൂര്‍ ഉത്സവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഉത്സവുമായി ബന്ധപ്പെട്ടുള്ള റോഡുകളുടെയും പാര്‍ക്കിങ്ങിന്റെയും വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് തലശ്ശേരി സബ് കലക്ടര്‍ സന്ദീപ് കുമാറിന്റെ അധ്യക്ഷതയില്‍ മെയ് 10 ന് യോഗം കൂടുന്നതിനും തീരുമാനിച്ചു.
ഉത്സവുമായ ബന്ധപ്പെട്ട ഭക്തരുടെയും വാഹനങ്ങളുടെയും സുഗമമായ നീക്കത്തിന് പരിചയ സമ്പന്നരായ പോലീസ്‌കാരെ നിയോഗിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി പോലീസ് യോഗത്തില്‍ അറിയിച്ചു.
തടസമില്ലാതെ വൈദ്യുതി, ജല വിതരണം ഉറപ്പാക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി കെ എസ് ഇ ബി യും വാട്ടര്‍ അതോറിറ്റിയും യോഗത്തില്‍ അറിയിച്ചു.
കെ എസ് ആര്‍ ടി സി 25 ബസുകള്‍ കൊട്ടിയൂരിലേക്ക് സ്‌പെഷ്യല്‍ സര്‍വ്വീസിനായി വിവിധ ഡിപ്പോകളില്‍ നിന്നും കൊണ്ടുവരുമെന്ന് യോഗത്തില്‍ അറിയിച്ചു.
കൂടാതെ തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍ , മാനന്തവാടി , താമരശ്ശേരി , വടകര, കോഴിക്കോട് തുടങ്ങിയ ഡിപ്പോകളില്‍ നിന്നും യാത്രകാരുടെ ആവിശ്യത്തിനനുസരിച്ച് കൊട്ടിയൂരിലേക്ക് സര്‍വീസ് നടത്തുമെന്നും കെ എസ് ആര്‍ ടി സി അറിയിച്ചു.
ഭക്ഷണത്തിന്റെ ഗുണ നിലവാരം ഉറപ്പാക്കുന്നതിനുവേണ്ടി ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മൊബൈല്‍ ലാബിന്റെ സേവനവും ഉത്സവത്തിന്റെ ഭാഗമായി ഉറപ്പാക്കിയിട്ടുണ്ട്.
യോഗത്തില്‍ സബ് കലക്ടര്‍ സന്ദീപ് കുമാര്‍, കണ്ണൂര്‍ ഡി എഫ് ഒ എസ് വൈശാഖ്, എ ഡി എം കെ നവീന്‍ ബാബു ,കൊട്ടിയൂര്‍ ദേവസ്വം പ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.