പന്തീരാങ്കാവിലെ സ്ത്രീധന പീഡനക്കേസില്‍ പുതിയ കണ്ടെത്തലുകള്‍. കേസിലെ പ്രതിയായ യുവതിയുടെ ഭര്‍ത്താവ് രാഹുലിന്റെ കാറില്‍ പൊലീസ് രക്തക്കറ കണ്ടെത്തി. രക്തക്കറ പെണ്‍കുട്ടിയുടേതാണെന്നാണ് പൊലീസ് അറിയിക്കുന്നത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് സംഘം കാറില്‍ പരിശോധന നടത്തി വരികയാണ്.
കേസില്‍ രാഹുലിനെ സഹായിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ശരത് ലാലിനെതിരെയാണ് നടപടി. യുവതി പരാതി നല്‍കിയ ആദ്യഘട്ടം മുതലേ പന്തീരാങ്കാവ് പൊലീസ് പ്രതിയായ രാഹുലിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന ആക്ഷേപം ശക്തമായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് സസ്പെന്‍ഷന്‍ ലഭിച്ചത്. രാഹുലിനെ വിദേശത്തേക്ക് കടക്കാന്‍ സഹായിച്ചത് ശരത്താണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ശരത്തിനെതിരെ കേസില്‍ നേരത്തെ അറസ്റ്റിലായ രാജേഷിന്റെ മൊഴിയുണ്ടായിരുന്നു. രാഹുലും താനും ചേര്‍ന്ന് സിപിഒ ശരത് ലാലിനെ കണ്ടുവെന്നായിരുന്നു മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍.
പന്തീരാങ്കാവ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അതില്‍ പറഞ്ഞ പല മൊഴികളും എഫ്‌ഐആറില്‍ പറയുന്നില്ലന്നും സ്റ്റേഷനില്‍ എത്തിയപ്പോള്‍ പ്രതിയായ രാഹുലിന്റെ തോളത്ത് പൊലീസ് കൈയിട്ട് നില്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞതെന്നും യുവതി റിപ്പോര്‍ട്ടറിനോട് പറഞ്ഞിരുന്നു.