കൊല്ലം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കോഴിക്കോട് മിഠായിത്തെരുവിൽ പോയി ഹലുവയൊക്കെ കഴിച്ചത് ഒരുതരത്തിൽ നന്നായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ ക്രമസമാധാന നില ഭദ്രമെന്ന് ഗവർണർക്ക് ബോധ്യമായിട്ടുണ്ടാകുമെന്നും അക്കാര്യം ഗവർണർ രാജ്യത്തെ ബോധ്യപ്പെടുത്തുകയാണ് ചെയ്തതെന്നും പിണറായി പറഞ്ഞു.
‘അങ്ങനെയൊക്കെയാണെങ്കിലും ഉന്നതസ്ഥാനത്തിരിക്കുന്ന വ്യക്തി പ്രേട്ടോക്കോളൊന്നും പാലിക്കാതെ ഇങ്ങനെ തോന്നിയപോലെ ഇറങ്ങി നടക്കുന്നത് തീർത്തും തെറ്റായ കാര്യമാണ്. അനുകരണീയ മാതൃകയല്ല. പക്ഷേ, അദ്ദേഹം അവിടെ ഇറങ്ങി നടന്ന് കടകളിൽ കയറി ഹലുവയൊക്കെ കഴിച്ചത് നന്നായി. മിഠായിത്തെരുവിന് തന്നെ പ്രശസ്തിയായി. മിഠായിത്തെരു പണ്ടേ പ്രശസ്തമാണല്ലോ. അത്കൊണ്ടാവും അദ്ദേഹത്തിന് അവിടെ പോകാൻ തോന്നിയത്’ -പിണറായി പരിഹസിച്ചു.
ഇന്നലെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എസ്.എഫ്.ഐ വൻ പ്രതിഷേധം തീർത്തിരുന്നു. തിങ്കളാഴ്ച വൈകീട്ട് മൂന്നരക്ക് ഗവർണർ ഉദ്ഘാടകനായ സെമിനാർ ആരംഭിക്കുന്നതിന് മുമ്പ് തന്നെ എസ്.എഫ്.ഐ പ്രവർത്തകരുടെ അതിരൂക്ഷമായ പ്രതിഷേധത്തിനാണ് കാമ്പസ് വേദിയായത്.
സെമിനാറിന് മിനിറ്റുകൾക്ക് മുമ്പേ കാമ്പസിൽ തമ്പടിച്ച എസ്.എഫ്.ഐ പ്രവർത്തകർ സെമിനാർ ഹാൾ ലക്ഷ്യമാക്കി പ്രകടനവുമായെത്തി. ‘കാവിവത്കരണം ചെറുക്കുക’ എന്നെഴുതിയ കറുത്ത ബനിയൻ ധരിച്ച് കറുത്ത ബലൂണുകളുമായി ഗവർണർക്കെതിരെ പുതിയ ബാനറുകളും പോസ്റ്ററുകളുമായാണ് പ്രവർത്തകർ പ്രകടനവുമായെത്തിയത്. നൂറു കണക്കിന് പ്രവർത്തകർ രണ്ടും കൽപ്പിച്ചെത്തുമെന്ന് പ്രതീക്ഷിച്ച് പൊലീസ് സർവകലാശാലയുടെ മുക്കിലും മൂലയിലും വൻ സുരക്ഷ ഒരുക്കിയിരുന്നു. പരീക്ഷാഭവന് മുമ്പിൽ പ്രതിഷേധ പ്രകടനം ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു. എന്നാൽ, പൊലീസിനെ വെട്ടിച്ച് പരീക്ഷാഭവൻ മതിൽ ചാടിക്കടന്ന് പ്രവർത്തകർ സെമിനാർഹാൾ ലക്ഷ്യമാക്കി കുതിച്ചു. പൊലീസ് കൂട്ടത്തോടെയെത്തി മതിൽ ചാടിയ പ്രവർത്തകരെ പിടികൂടി വാനിൽ കയറ്റി. ലാത്തി വീശിയില്ലെങ്കിലും ചില പ്രവർത്തകരെ പൊലീസ് മർദിച്ചു. തുടർന്നും മുദ്രാവാക്യം വിളിച്ചും പാട്ട് പാടിയും പ്രവർത്തകർ പ്രതിഷേധം തുടർന്നു. ഇതിനിടെ നാല് തവണ വീണ്ടും പ്രവർത്തകർ പൊലീസിനെ വെട്ടിച്ച് മുന്നോട്ട് വരാൻ ശ്രമിച്ചെങ്കിലും അറസ്റ്റ് ചെയ്ത് നീക്കി.
പെൺകുട്ടികളടക്കം നിരവധി പ്രവർത്തകർ അറസ്റ്റിലായി. അറസ്റ്റ് ചെയ്ത പ്രവർത്തകരെ പൊലീസ് വാനുകളിൽ തേഞ്ഞിപ്പലം സ്റ്റേഷനിൽ കരുതൽ തടങ്കലിലാക്കി. വൈകീട്ട് മൂന്നരയോടെ ആരംഭിച്ച പ്രതിഷേധം രണ്ടര മണിക്കൂറിലേറെ നീണ്ടു. സമരത്തിലുടനീളം ‘സംഘി ഗവർണർ, യു ആർ എ വെയ്സ്റ്റ്’ തുടങ്ങി ഗവർണർക്കെതിരെ അതിരൂക്ഷമായ മുദ്രാവാക്യങ്ങളാണ് ഉയർന്നത്. ‘വീ നീഡ് ചാൻസലർ, നോട്ട് സവർക്കർ’ എന്ന കറുത്ത തുണിയിൽ എഴുതിയ ബാനർ ഉയർത്തിയായിരുന്നു സമരം. ഏറെ നേരത്തെ പ്രതിഷേധങ്ങൾക്കൊടുവിൽ പരീക്ഷാഭവന് മുന്നിൽനിന്ന് തിരിച്ച് ഭരണകാര്യാലയത്തിന് മുന്നിലൂടെ ദേശീയപാതയിലേക്ക് പ്രവേശിച്ച എസ്.എഫ്.ഐ പ്രവർത്തകർ തിരിച്ചെത്തി കവാടത്തിൽ സമരം അവസാനിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, സെക്രട്ടറി പി.എം. ആർഷോ, ഇ. അഫ്സൽ, കെ.വി. അനുരാഗ്, ഹസ്സൻ മുബാറക്ക് എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.
സനാതന ധർമപീഠം സംഘടിപ്പിച്ച ശ്രീനാരായണ ഗുരു സെമിനാറിൽ അധ്യക്ഷനായിരുന്ന വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജിന്റെ അസാന്നിധ്യത്തിലാണ് ഗവർണർ ഉദ്ഘാടനം നിർവഹിച്ച് വൈകീട്ട് അഞ്ചോടെ തിരുവനന്തപുരത്തേക്ക് മടങ്ങിയത്. സർവകലാശാലയിൽ അരങ്ങേറിയ പ്രതിഷേധം മൂന്ന് ദിവസമാണ് കാമ്പസിനെ യുദ്ധക്കളമാക്കിയത്.