എംഎ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കോഴിക്കോട് ലുലു മാള്‍ സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. മാങ്കാവിലാണ് ലുലു ഗ്രൂപ്പിന്റെ ഷോപ്പിംഗ് മാള്‍ സ്ഥിതി ചെയ്യുന്നത്. 3.5 ലക്ഷം ചതുരശ്ര അടിയിലാണ് മാളിന്റെ പണി പൂര്‍ത്തിയാകുന്നത്. അതിനാല്‍ കോഴിക്കോടിന് ലുലുമാള്‍ വലിയ വിസ്മയം തീര്‍ക്കും എന്ന കാര്യം ഉറപ്പാണ്.
കേരളത്തിലെ നാലാമത്തെ ലുലുമാള്‍ ആണ് കോഴിക്കോട് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്നത്. നിലവില്‍ കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ലുലുമാളുകള്‍ ഉള്ളത്. പാലക്കാടിന് സമാനമായി മിനി ഷോപ്പിംഗ് മോളാണ് കോഴിക്കോട് ഉദ്ഘാടനം ചെയ്യാന്‍ പോകുന്നത്. ഇത്തരത്തിലുള്ള മിനി മാളുകളില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്ട്, ലുലു ഫാഷന്‍ എന്നിവയ്ക്കായിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.
മൂന്നു നിലകളിലായി ഒരുങ്ങുന്ന ലുലുമാളിന്റെ ഹൈപ്പര്‍മാര്‍ക്കറ്റിന് മാത്രം 1.5 ലക്ഷം ചതുര അടിയാണുള്ളത്. ഇതിനുപുറമേ കുട്ടികള്‍ക്കായുള്ള വിനോദ ഏരിയയും 400 പേര്‍ക്ക് ഇരുന്നു ഭക്ഷണം കഴിക്കാനുള്ള ഫുഡ് കോര്‍ട്ട് സൗകര്യം ഒരുക്കിയിട്ടുണ്ട്.
അടുത്തമാസം ഉദ്ഘാടനം നടക്കാന്‍ പോകുന്നതിനാല്‍ മിക്ക ബ്രാന്‍ന്റഡ് ഉല്‍പ്പന്നങ്ങളുടെ ഷോപ്പുകളും മാളുകളില്‍ ഇതിനകം തന്നെ സജ്ജമായി കഴിഞ്ഞു. ഇലക്ട്രോണിക്‌സ്, ഫുഡ് കോര്‍ട്ട്, ഫാഷന്‍, ജ്വല്ലറി, ഹെല്‍ത്ത്, സ്‌പോര്‍ട്‌സ്, വിനോദം, ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ മേഖലകളിലെ മുന്‍നിര ബ്രാന്‍ഡുകള്‍ തന്നെയായിരിക്കും കോഴിക്കോടിനെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്നത്.
കോഴിക്കോട് ലുലുമാള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ ഇത് ഇവിടുത്തെ വാണിജ്യ രംഗത്തിന് കൂടുതല്‍ കരുത്ത് പകരം എന്നാണ് വിദഗ്ധര്‍ പറയുന്നത്. വിനോദസഞ്ചാര മേഖലയ്ക്കും ഇത് സഹായകമാകും എന്നാണ് കരുതുന്നത്. കൊച്ചിയിലേക്ക് ലുലുമാള്‍ കാണുന്നതിനുവേണ്ടി മാത്രം പലരും എത്തിച്ചേരാറുണ്ട്. ഇതുപോലെ കോഴിക്കോട്ടേക്കും പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ മാള്‍ കാണുന്നതിനായി മാത്രം എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്..
കേരളത്തിന് പുറമേ ബെംഗളൂരു, ലക്‌നൗ, ഹൈദരാബാദ്, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും ഇന്ത്യയില്‍ ലുലുമാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗുജറാത്തിലെ അഹമ്മദാബാദില്‍ 4,000 കോടിയോളം രൂപ നിക്ഷേപത്തോടെ ഇന്ത്യയിലെ ഏറ്റവും വലിയ മാള്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍ ലുലു.