കോഴിക്കോട്: സഞ്ചാരികള്‍ക്ക് വസന്തോത്സവമൊരുക്കി മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഉദ്യാന മഹോത്സവത്തിന് തുടക്കമായി. പത്തുനാള്‍ സന്ദര്‍ശകരുടെ മനസ്സില്‍ മായാപ്രപഞ്ചം തീര്‍ക്കാന്‍ പൂക്കള്‍ കൊണ്ട് നിര്‍മ്മിച്ച വേഴാമ്പലും തെയ്യവും പുലിയുമാണ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ പ്രവേശനകവാടം മുതല്‍ അവസാന പോയിന്റ് വരെ രണ്ടു കിലോമീറ്ററോളം വാക്ക്വേയില്‍ ഒന്നരലക്ഷത്തോളം പൂച്ചെടികളാണ് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. നിലവില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലുള്ള ചെടികള്‍ക്ക് പുറമേയാണിത്. വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂവിടുന്ന ചെടികള്‍, മുഴുവന്‍ സമയം പുഷ്പിക്കുന്നവ, റോസുകള്‍, ഓര്‍ക്കിഡുകള്‍, ആന്തൂറിയം, ഔഷധ സസ്യങ്ങള്‍, ജലസസ്യങ്ങളുടെ നീണ്ട നിര തുടങ്ങിയാണ് ഫെസ്റ്റില്‍ അണിനിരക്കുക. കൂടാതെ ശില്പശാലകള്‍, ഫോട്ടോ പ്രദര്‍ശനം, വിദ്യാര്‍ഥികള്‍ക്കുള്ള മത്സരങ്ങള്‍, ഭക്ഷ്യമേള, പ്രദര്‍ശനങ്ങള്‍, പ്രശസ്ത കലാകാരന്‍മാര്‍ ഒരുക്കുന്ന കലാപരിപാടികള്‍ എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി ഉണ്ടായിരിക്കും.
20ന് തുടക്കമായെങ്കിലും ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകിട്ട് 6.30ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. പി.ടി.എ റഹീം എം.എല്‍.എ അധ്യക്ഷനാകും. മുഖ്യമന്ത്രിയുടെ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി മെന്റര്‍ എം.സി ദത്തന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ശൈലജ, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശാരുതി, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ.എ സാബു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. സിക്കിമിലെ ദേശീയ ഓര്‍ക്കിഡ് ഗവേഷണ കേന്ദ്രം, ഔഷധി, അടയ്ക്ക സുഗന്ധവിള വികസന ഡയറക്ടറേറ്റ് തുടങ്ങിയ സ്ഥാപനങ്ങളുടെ വിപുലമായ പ്രദര്‍ശന സ്റ്റാളുകളും വിവിധ വാണിജ്യ സ്റ്റാളുകളും ഫെസ്റ്റിലുണ്ട്. സന്ദര്‍ശകര്‍ക്ക് ഉദ്യാന സസ്യങ്ങള്‍ വാങ്ങുന്നതിന് അവസരമുണ്ട്.
250 രൂപ മുതല്‍ 3000 രൂപ വരെയുള്ള വിവിധ തരത്തിലുള്ള ഓര്‍ക്കിഡുകള്‍, 25 രൂപ മുതല്‍ ആരംഭിക്കുന്ന വൈവിധ്യമാര്‍ന്ന റോസ് ഇനങ്ങള്‍. 200 രൂപ മുതല്‍ ആരംഭിക്കുന്ന വിവിധ തരത്തിലുള്ള ഫല വൃക്ഷങ്ങളുടെ തൈകള്‍, വിവിധ വര്‍ണങ്ങളില്‍ ഉള്ള ബോഗന്‍വില്ല ഇനങ്ങള്‍, 45 രൂപയില്‍ ആരംഭിക്കുന്ന സീനിയ, നിത്യ കല്യാണി ചെടികള്‍, 80 രൂപ മുതല്‍ ആരംഭിക്കുന്ന പല തരത്തിലുള്ള ജമന്തികള്‍, റോസ് മേരി ചെടികള്‍, കാശിത്തുമ്പകള്‍, സിലോഷ്യകള്‍, വീടിന്റെ അകത്തളങ്ങള്‍ക്ക് മനോഹാരിത നല്‍കുന്ന വിവിധതരം ഇന്‍ഡോര്‍ ചെടികളും വില്പനക്കായി ഉണ്ട്. ഉച്ചക്ക് 12 മണി മുതല്‍ രാത്രി 8.30 വരെയാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുക. 60രൂപയാണ് പ്രവേശന ഫീസ്. 29ന് ഫെസ്റ്റ് അവസാനിക്കും. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരുപാട് ഗവേഷകരാണ് ഗാര്‍ഡനിലെത്തുന്നത്. നമ്മുടെ നാട്ടുകാര്‍ക്ക് വിനോദത്തോടൊപ്പം വിജ്ഞാനവും പകര്‍ന്നുനല്‍കുന്നതിന് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ പുതിയ ചുവടുവയ്പാണിതെന്ന് ഗാര്‍ഡന്‍ ഇന്‍ ചാര്‍ജായ ഡോ.എന്‍.എസ് പ്രദീപ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഡോ.എം സാബു, ഡോ.വി.എസ് ഹരീഷ്, ഡോ.കെ.എം മഞ്ജുള, ഡോ.എ.വി രഘു എന്നിവരും പങ്കെടുത്തു.
സന്ദര്‍ശകരെ കാത്ത് (ബോക്‌സ്)
കോഴിക്കോട്: മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെന്ന ചൊല്ല് മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനെ സംബന്ധിച്ച് അര്‍ഥവത്തവാണ്. വിമാനത്തിലേറി ഗവേഷര്‍ ഗാര്‍ഡനില്‍ എത്തുന്നുണ്ടെങ്കിലും സ്വന്തം നാട്ടുക്കാര്‍ക്ക് ഉദ്യാനത്തെക്കുറിച്ച് വലിയ അറിവില്ല. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴിലാണ് ഒളവണ്ണയില്‍ മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത്. ഒരേസമയം ഗവേഷണത്തിലും ഇക്കോ ടൂറിസത്തിലും ശ്രദ്ധയൂന്നിയാണ് പ്രവര്‍ത്തനം. 50 ഏക്കറിലായി പുഷ്ങ്ങള്‍, മുളകള്‍, വാഴകള്‍, ഇഞ്ചികള്‍, ഓര്‍ക്കിഡുകള്‍, പന്നല്‍ചെടികള്‍, ഇരപിടിയന്‍ ചെടികള്‍ എന്നിവയുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ ജലസസ്യങ്ങളുടെ ശേഖരങ്ങളിലൊന്ന് സ്ഥിതി ചെയ്യുന്നതും ഇവിടെയാണ്. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും ഒരുപാട് ഗവേഷകരാണ് ഗാര്‍ഡനിലെത്തുന്നത്. എന്നാല്‍ തദ്ദേശീയവര്‍ കുറവാണെന്ന് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ അധികൃതര്‍ പറയുന്നു. ഗാര്‍ഡനെക്കുറിച്ച് അറിയാത്താണ് കാരണം.