കല്‍പ്പറ്റ: വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വളരെ നല്ല ഇടപെടലാണ് കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് നടത്തിയിരിക്കുന്നത്. ദുരന്തം നടന്നതിന്റെ പിറ്റേ ദിവസം തന്നെ ഏറെ പ്രതിബന്ധങ്ങള്‍ മറികടന്ന് ചൂരല്‍ ടൗണ്‍ വരെ വൈദ്യുതി പുനഃസ്ഥാപിച്ചതും തൊട്ടടുത്ത ദിവസം അട്ടമലയിലെ നൂറുകണക്കിന് വീടുകളിലേക്ക് വൈദ്യുതി എത്തിച്ചതും ഇതിനുള്ള മികച്ച ഉദാഹരങ്ങളാണ്. ഇതിന് പുറമെ ഉരുളെടുത്ത വീടോ കെട്ടിടമോ നിന്ന സ്ഥലം തിരിച്ചറിയാത്തവണ്ണം മുണ്ടക്കൈ, ചൂരല്‍മല, അട്ടമല എന്നീ ഗ്രാമങ്ങള്‍ മാറിയപ്പോള്‍ രക്ഷാദൈത്യ സംഘങ്ങള്‍ക്ക് വഴി കാട്ടിയതും കെഎസ്ഇബിയുടെ ‘ഒരുമ നെറ്റ്’ എന്ന സോഫ്റ്റ് വെയറായിരുന്നു.
ചൂരല്‍മലയിലേക്കും അട്ടമലയിലേക്കും മുണ്ടക്കൈയിലേക്കുമുള്ള റോഡുകളടക്കം മാഞ്ഞുപോയ സ്ഥിതിയാണുണ്ടായിരുന്നത്. ഇവിടെയാണ് ഒരുമ നെറ്റ് സോഫ്റ്റ് വെയര്‍ രക്ഷകനായത്. ഓരോ വീടും എവിടെയാണ് സ്ഥിതി ചെയ്യുന്നത് എന്നത് ലോഞ്ചിറ്റിയൂഡ് മാര്‍ക്ക് അടക്കം രേഖപ്പെടുത്തിയ ഈ ഡാറ്റ നോക്കിയാണ് രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നടത്തിയത്. ഒരുമ നെറ്റില്‍ ട്രാന്‍സ്ഫോര്‍മര്‍ പ്രകാരമുള്ള ഉപഭോക്താക്കളുടെ ലിസ്റ്റും അവരുടെ ലൊക്കേഷന്‍ കോഡിനേറ്റ്സും ഉടന്‍ തന്നെ കെഎസ്ഇബി ജില്ലാ ഭരണകൂടത്തിനും കളക്ടര്‍ക്കും നല്‍കി. ഓരോ വീടും കെട്ടിടങ്ങളും നില്‍ക്കുന്ന സ്ഥലം മനസ്സിലാക്കാന്‍ സര്‍ക്കാരിന്റെയടുത്ത് മറ്റ് ഡാറ്റകളൊന്നും ഇല്ലാത്തതിനാലും കെഎസ്ഇബിയുടെ ഈ സോഫ്റ്റ് വെയര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഒരുപാട് സഹായിച്ചു.
കെഎസ്ഇബിയുടെ ഐടി വിങ് 2012 ലാണ് ഒരുമ ആപ്പ് ആരംഭിക്കുന്നത്. ബില്ലിങ്, കളക്ഷന്‍ തുടങ്ങി ഒരു വിധം എല്ലാ സേവനങ്ങളും ഒരുമ ആപ്പിലൂടെയാണ് കെഎസ്ഇബി നിര്‍വഹിക്കുന്നത്. ഓരോ വീടിന്റെയും ഫോണ്‍ നമ്പറുകളും കൃത്യമായ ലൊക്കേഷനും ഇത് വഴി മനസ്സിലാക്കാം. ഈ ഡാറ്റ ഉപയോഗിച്ചാണ് എന്‍ഡിആര്‍എഫ് അടക്കമുള്ള സേനാ വിഭാഗങ്ങള്‍ വീടുകളിലേക്കും പൊളിഞ്ഞുപോയ കെട്ടിടങ്ങള്‍ക്കുള്ളിലേക്കുമെത്തിയത്.