ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും അടവിയിലെ കുട്ടവഞ്ചി സവാരിയും ഗവിയിലെ മനോഹര കാഴ്ചകളും ഒപ്പം പരുന്തുംപാറ യാത്രയും ഒരുക്കുന്നതായി കെഎസ്ആര്‍ടിസി. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
കേരളത്തിലെ കോന്നിയിലെ കല്ലാര്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് അടവി. ഇതാണ് കെഎസ്ആര്‍ടിസി പാക്കേജിലെ പ്രധാനപ്പെട്ട ഒരു സ്ഥലം. ഇതിന് പുറമെ പശ്ചിമഘട്ടത്തിന്റെ മധ്യത്തില്‍ നില്‍ക്കുന്ന കോന്നി-അടവി ഇക്കോ ടൂറിസം പദ്ധതിയും കാണാന്‍ സാധിക്കും.
അടവിയിലെ പ്രധാന ആകര്‍ഷണം കല്ലാര്‍ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ് . കോന്നി ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാര്‍ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്.
അതുപോലെതന്നെ കണ്ണിനു കുളിര്‍മയേകുന്നകാഴ്ചകള്‍ നല്‍കുന്ന ഗവിയും പരുന്തുംപാറയും യാത്രയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്. നിത്യഹരിത വനങ്ങള്‍ നിറഞ്ഞ ഗവി സമുദ്രനിരപ്പില്‍നിന്നു മൂവായിരത്തിലേറെ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടുതന്നെ കടുത്ത വേനലില്‍ പോലും കുളിര്‍മയാണ്.