കണ്ണൂര്‍ തോട്ടട ഐടിഐ സംഘര്‍ഷത്തെ തുടര്‍ന്ന് ജില്ലയില്‍ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെ എസ് യു. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇന്ന് പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. വെള്ളിയാഴ്ച്ച സര്‍വ്വകക്ഷി യോഗം വിളിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു.
ക്യാമ്പസില്‍ കെഎസ്യുവിന്റെ കൊടി കെട്ടുന്നതിന് ചൊല്ലിയാണ് സംഘര്‍ഷമുണ്ടായത്. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിനെ ഒരു സംഘം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് മര്‍ദിച്ചു. ക്യാമ്പസില്‍ പോലീസ് സാന്നിധ്യം ഉണ്ടായിരിക്കവേയാണ് അതിക്രമം. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് റിബിന് ക്രൂര മര്‍ദ്ദനമേറ്റിരുന്നു. എസ് എഫ് ഐ യുടെ ശക്തികേന്ദ്രമായ തോട്ടട ഐടിഐയില്‍ മൂന്നര പതിറ്റാണ്ടിനിടെ ആദ്യമായാണ് കെ എസ് യു യൂണിറ്റ് രൂപീകരിക്കുന്നത്.
കഴിഞ്ഞദിവസം ക്യാമ്പസില്‍ കെഎസ്യു ഉയര്‍ത്തിയ കൊടി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെ ക്യാമ്പസില്‍ കെഎസ്യു പ്രവര്‍ത്തകര്‍ വീണ്ടും കൊടികെട്ടി. തുടര്‍ന്ന് പോലീസ് സാന്നിധ്യത്തില്‍ ജില്ലാ നേതാക്കള്‍ അടക്കമുള്ള കെഎസ്യു പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ കാണാന്‍ നീങ്ങി. ഈ സംഘത്തെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റം. ഇതിനിടെ ക്യാമ്പസില്‍ സ്ഥാപിച്ച കെഎസ്യുവിന്റെ കൊടി എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ പിഴുതെടുത്തു. പിന്നാലെയാണ് സംഘര്‍ഷം ഉണ്ടായത്.