കുളപ്പുള്ളി : വാണിയംകുളം മാന്നനൂരിലെ ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള ഉരുക്കുതടയണയുടെ തകർച്ചയ്ക്ക് പരിഹാരമാകുന്നു. ഇതിനായി തകർന്ന പാർശ്വഭിത്തി നിർമിക്കാൻ 12.60 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജനുവരിയിൽ നിർമാണമാരംഭിക്കും.
മാന്നനൂർ തീരത്തെ പാർശ്വഭിത്തി 2018-ലെ പ്രളയത്തിലാണ് തകർന്ന് പുഴ ഗതിമാറി ഒഴുകിയത്. തടയണയോട് ചേർന്നുള്ള വലിയ മണൽത്തിട്ടകൾ മുഴുവനായും ഒലിച്ചുപോകുകയും കൃഷിസ്ഥലങ്ങൾ ഇടിഞ്ഞ് നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് റീബിൽഡ് കേരളയും ജലവിഭവവകുപ്പും ചേർന്ന് പരിശോധന നടത്തി സംരക്ഷണഭിത്തി നിർമിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപറേഷൻ തയ്യാറാക്കിയ രൂപരേഖപ്രകാരമാണ് നിർമാണം. മാന്നനൂർ ഭാഗത്ത് തകർന്ന പാർശ്വഭിത്തി 350 മീറ്റർ നീളത്തിൽ കോൺക്രീറ്റുചെയ്ത് നിർമിക്കാനാണ് തീരുമാനം.
മഴപെയ്ത് ഭാരതപ്പുഴയിൽ ഒഴുക്ക് വർധിക്കുന്നതോടെ മാന്നനൂർ ഉരുക്കുതടയണയുടെ സമീപ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ രൂക്ഷമാണ്. കൃഷിഭൂമി നഷ്ടപ്പെട്ട ഒമ്പത് കർഷകർ ഭൂമി തിരിച്ചു ലഭിക്കുന്നതിനായി വാണിയംകുളം വില്ലേജ്-രണ്ടിൽ അപേക്ഷയും നൽകിയിട്ടുണ്ട്. ആറേക്കറോളം കൃഷിഭൂമിയാണ് നഷ്ടമായത്. ഇതിനായി പുഴയുടെ അതിർത്തി നിശ്ചയിക്കുന്ന സർവേ നടപടികൾ തുടങ്ങിയതായി പി. മമ്മിക്കുട്ടി എം.എൽ.എ. പറഞ്ഞു.
ഇതിനുശേഷം കൃഷിഭൂമി നഷ്ടപ്പെട്ട കർഷകർക്ക് ഭൂമി അളന്ന് തരംതിരിച്ചുനൽകും. പിന്നീട് മണ്ണിട്ടുനികത്തി കൃഷിക്കായി ഉപയോഗിക്കാൻ സാധിക്കും.
വാണിയംകുളം പഞ്ചായത്തിനെയും തൃശ്ശൂർ ജില്ലയിലെ പൈങ്കുളം ഭാഗത്തെയും ബന്ധിപ്പിച്ച് 2015-ലായിരുന്നു സംസ്ഥാനത്തെ ആദ്യത്തെ ഉരുക്കുതടയണ നിർമാണം പൂർത്തിയാക്കിയത്. എന്നാൽ, 2018-ലെ പ്രളയത്തിൽ മാന്നനൂർ ഭാഗത്തെ പാർശ്വഭിത്തികൾ തകർന്നതോടെ പുഴ ഗതിമാറി ഒഴുകുകയായിരുന്നു. കർഷകർക്കുപുറമേ, ഇറിഗേഷൻ വകുപ്പിന്റെയും ഭൂമി നഷ്ടപ്പെട്ടിരുന്നു.
ഇത്തവണത്ത മഴയിലും വ്യാപകമായി കൃഷിസ്ഥലം മണ്ണിടിഞ്ഞ് നഷ്ടപ്പെട്ടിരുന്നു. നിലവിൽ മഴ മാറിയാൽ നീർച്ചാലായാണ് പുഴയുടെ ഒഴുക്ക്. ഇതുകൊണ്ടുതന്നെ പൈങ്കുളം ഭാഗത്തെ ജനങ്ങൾക്ക് വലിയ ദുരിതമാണ്. കുടിവെള്ള പമ്പിങ്ങിനുപോലും വെള്ളം ലഭിക്കാത്ത സ്ഥിതിയാണ്.