തൃശൂർ∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്ത് എത്തി. രാവിലെ 11.15ഓടെയാണ് പൊതുസമ്മേളനം നടക്കുന്ന ചെറുവത്തൂർ മൈതാനത്ത് എത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നും രാവിലെ 10.50ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയശേഷം റോഡുമാർഗം പൊതുസമ്മേളന വേദിയിലേക്ക് എത്തുകയായിരുന്നു. വളരെ സാവധാനം ജനങ്ങളെ അഭിവാദ്യം ചെയ്താണ് വാഹന വ്യൂഹം നീങ്ങിയത്.
ആലത്തൂർ മണ്ഡലത്തിലെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി കുന്നംകുളത്ത് എത്തുന്നത്. ടി.എൻ.സരസു ആണ് ഇവിടെ ബിജെപി സ്ഥാനാർഥി. സുരേഷ് ഗോപി, നിവേദിത സുബ്രഹ്മണ്യൻ, അബ്ദുൽ സലാം, കെ.എ.ഉണ്ണികൃഷ്ണൻ എന്നീ സ്ഥാനാർഥികളും വേദിയിലുണ്ട്. കെ.കെ.അനീഷ്കുമാർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ബി. ഗോപാലകൃഷ്ണൻ, എം.എസ്.സമ്പൂർണ്ണ അനീഷ് ഇയ്യാൽ, ഓമനക്കുട്ടൻ എന്നിവർ ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. സുരേഷ് ഗോപി വന്ദേ ഭാരത് ട്രെയിനിന്റെ മാതൃക പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. പത്മജ വേണുഗോപാൽ, ദേവൻ ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുക്കുന്നുണ്ട്.
ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർഥി. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണു മോദി കേരളത്തിലെത്തുന്നത്. മാർച്ച് 19നു പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു. ഈ വർഷം ഏഴാം തവണയാണ് എത്തുന്നത്.
തമിഴ്നാട്ടിലും പ്രധാനമന്ത്രിക്ക് ഇന്നു പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കിയശേഷം തമിഴ്നാട്ടിലേക്കു പോകുന്ന നരേന്ദ്ര മോദി, വൈകിട്ട് 4:15ന് തിരുനെൽവേലിയിൽ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും. ഈ വർഷം എട്ടാം തവണയാണ് മോദി തമിഴ്നാട് സന്ദർശിക്കുന്നത്. നാളെയും തമിഴ്നാട്ടിലെ പരിപാടിയിൽ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് തമിഴ്നാട്ടിൽ പോളിങ്