കൊച്ചി : കുസാറ്റിലെ സംഗീത പരിപാടിക്കിടെയുണ്ടായ അപകടം വേദനിപ്പിക്കുന്നതെങ്കിലും അതിന്റെ പേരിൽ വിദ്യാര്‍ത്ഥികളെ കുറ്റപ്പെടുത്തരുതെന്ന് ഹൈക്കോടതി. അപകടത്തിൽ വിലപ്പെട്ട ജീവനുകളാണ് നഷ്ടമായത്. അതിൽ ആരെയും കുറ്റപ്പെടുത്താൻ കോടതി താൽപ്പര്യപ്പെടുന്നില്ല. വിദ്യാർത്ഥികളായിരുന്നു അവിടെ ജനങ്ങളെ നിയന്ത്രിച്ചിരുന്നതെന്നാണ് മനസിലാക്കുന്നത്. പക്ഷേ ഏതെങ്കിലും വിദ്യാർത്ഥികളെ പഴിചാരാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജുഡീഷ്യൽ അന്വേഷണം അവശ്യപ്പെട്ട് കെ എസ് യു നൽകിയ ഹർജിയിലാണ് നടപടി. സർക്കാരിനോടും സർവകലാശാല അധികൃതരോടും നിലവിലെ അന്വേഷണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം നൽകി. ഹർജി അടുത്ത വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.
കേരളത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയ കുസാറ്റ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടാണ് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഹൈക്കോടതിയെ സമീപിച്ചത്. കുസാറ്റ് ക്യാമ്പസിൽ ഗാനമേളക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാർത്ഥികളുൾപ്പടെ നാലു പേർ മരണമടകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കെ എസ് യു ആരോപിക്കുന്നു. കുറ്റക്കാരായ രജിസ്ട്രാര്‍, യൂത്ത് വെല്‍ഫെയര്‍ ഡയറക്ടര്‍, സെക്യൂരിറ്റി ഓഫീസര്‍ എന്നിവര്‍ക്കെതിരെ ഇതുവരെ നടപടി ഉണ്ടായിട്ടില്ല. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുക്കാതെ വിദ്യാർത്ഥികളാണ് അപകടത്തിവ് ഉത്തരവാദികൾ എന്ന മുൻ വിധിയോടെ വാര്‍ത്താക്കുറിപ്പ് പോലും ഇറക്കുന്ന സാഹചര്യം യൂണിവേഴ്സിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും കെഎസ് യു ചൂണ്ടിക്കാട്ടിയിരുന്നു.