രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനി തന്റെ എതിരാളികളേക്കാൾ പലപ്പോഴും വൈകിയാണ് ഉത്പന്നങ്ങളുമായി വിപണിയിലേക്ക് എത്താറുള്ളതെങ്കിലും വിപണന തന്ത്രംകൊണ്ട് വിപണിയെ പിടിച്ചടക്കുന കാഴ്ചയാണ് പിന്നീട് കാണാനാകുക. വിവിധ മേഖലകളിൽ നിരവധി അനുബന്ധ സ്ഥാപനങ്ങളുള്ള, 16.18 ട്രില്യൺ രൂപ വിപണി മൂലധനമുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർപേഴ്‌സണാണ് മുകേഷ് ധിരുഭായ് അംബാനി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മുകേഷ് അംബാനി കുറഞ്ഞ വിലയിൽ ഉത്പന്നങ്ങൾ എത്തിച്ചുകൊണ്ട് വിപണിയിൽ വിപ്ലവം സൃഷ്ടിച്ചു.
സാങ്കേതികവിദ്യയും ബിസിനസ് വൈദഗ്ധ്യവും കൈമുതലായുള്ള റിലയൻസ് ഇൻഡസ്ട്രീസിനെ മുന്നോട്ട് നയിക്കുന്ന മുകേഷ് അംബാനി ഇപ്പോൾ ഇന്ത്യയിൽ മൾട്ടി ബില്യൺ ഡോളർ വിപണി ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. നിലവിൽ ഇന്ത്യയിലെ ലാപ്‌ടോപ്പുകളുടെയും ടാബ്‌ലെറ്റുകളുടെയും വിപണി വലുപ്പം 6 ബില്യൺ ഡോളറാണെന്നാണ് കണക്കാക്കപ്പെടുന്നത്.
വൈകിയാണ് ഈ വിപണിയിലേക്ക് എത്തുന്നതെങ്കിലും ഇന്ത്യയിൽ 15000 രൂപയുടെ ലാപ്‌ടോപ്പ് അവതരിപ്പിക്കാൻ മുകേഷ് അംബാനി ലക്ഷ്യമിടുന്നതായാണ് റിപ്പോർട്ട്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ജിയോ, ലാപ്‌ടോപ്പ് നിർമ്മാതാക്കളായ എച്ച്പി, ഏസർ, ലെനോവോ തുടങ്ങിയ കമ്പനികളുമായി ചർച്ച നടത്തിവരികയാണ്. ലാപ്‌ടോപ്പിന്റെ വില കുറയ്‌ക്കാൻ ജിയോയ്‌ക്ക് കഴിയുമെന്നാണ് റിപ്പോർട്ട്.
വില കുറയുമെന്ന പ്രതീക്ഷ വരാൻ കാരണം, ‘ക്ലൗഡ്’ പവർ ചെയ്യുന്നതിനാൽ ഉപകരണം ഒരു ഡബ് ടെർമിനൽ മാത്രമായിരിക്കും. അതായത്, ജിയോ ക്ലൗഡിൽ ലാപ്‌ടോപ്പിന്റെ പ്രോസസ്സിംഗും സംഭരണവും നടക്കുമെന്നാണ് ഇതിനർത്ഥം. ജിയോ ക്ലൗഡ് ഒരു സബ്‌സ്‌ക്രിപ്‌ഷൻ മോഡലിലാണ് വരുന്നത്, ഒരു ലാപ്‌ടോപ്പിൽ ഒന്നിലധികം സബ്‌സ്‌ക്രിപ്‌ഷനുകൾ ആക്‌സസ് ചെയ്യാൻ കഴിയും. എച്ച്പി ക്രോംബുക്കില്‍ കമ്പനി ഇതിനുള്ള ട്രയലുകൾ നടത്താൻ തുടങ്ങി എന്നാണ് റിപ്പോർട്ട്.