24 December 2024

ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് എല്‍ഡിഎഫും യുഡിഎഫും വയനാട്ടില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ചൊവ്വാഴ്ച. പുനരധിവാസം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം ഫണ്ട് നല്‍കുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പിന്നാലെ ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് ഫണ്ട് നല്‍കാത്ത കേന്ദ്ര നയത്തിനെതിരെ എല്‍ഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയായിരുന്നു.

രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലുമായി വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് എന്നിവ സഹകരിക്കും. ദുരന്തബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം അറിയിച്ച് ജില്ലയില്‍ മുഴുവന്‍ കടകളും അടച്ചിടുമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി പി പ്രസന്നകുമാര്‍, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വേണുഗോപാല്‍ കിഴിശേരി എന്നിവര്‍ അറിയിച്ചു.

ജില്ലയില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി കെ ഹരിദാസ് പറഞ്ഞു. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പുലര്‍ച്ചെയുള്ള ദീര്‍ഘദൂര സര്‍വീസുകള്‍ പതിവുപോലെ സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

ഹര്‍ത്താലിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ 10ന് കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നിവിടങ്ങളില്‍ പോസ്റ്റ് ഓഫിസുകള്‍ക്കു മുന്നില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുമെന്ന് ജില്ലാ കണ്‍വീനര്‍ പി ടി ഗോപാലക്കുറുപ്പ്, ചെയര്‍മാന്‍ കെ കെ അഹമ്മദ് ഹാജി എന്നിവര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!