25 December 2024

കൊച്ചി: തീ തുപ്പുന്ന ബൈക്കുമായി കൊച്ചിയില്‍ നടുറോഡില്‍അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം സ്വദേശിയായ കിരണിന്റെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് മൂന്ന് മാസത്തേയ്ക്കാണ് സസ്പെന്‍ഡ് ചെയ്തത്. 8000 രൂപ പിഴ അടയ്ക്കാനും മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശിച്ചു. ബൈക്ക് രൂപമാറ്റം വരുത്തിയ കൊച്ചി ഏലൂര്‍ സ്വദേശികളുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്തു. ഇവരുടെ ബൈക്കുകളുടെ രജിസ്ട്രേഷനും മൂന്ന് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്യും.

ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ഇടപ്പള്ളി – കളമശേരി റോഡിലാണ് തീ തുപ്പുന്ന ബൈക്കുമായി യുവാവ് അഭ്യാസ പ്രകടനം നടത്തിയത്. സൈലന്‍സര്‍ രൂപമാറ്റം വരുത്തിയ ബൈക്കുമായാണ് യുവാവ് നഗരത്തില്‍ കറങ്ങി നടന്നത്.

ബൈക്കിന് പുറകേ പോയ കാര്‍ യാത്രികര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്‌മെന്റ് വിഭാഗം വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. സംഭവ ദിവസം വാഹനം ഓടിച്ചിരുന്നത് താനാണെന്ന് കിരണ്‍ സമ്മതിച്ചിരുന്നു.

അനധികൃതമായി ബൈക്ക് രൂപമാറ്റം വരുത്തുകയും സൈലന്‍സറുകള്‍ മാറ്റി പകരം അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കിരണിന്റെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് മൂന്ന് മാസത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!