27 December 2024

കോഴിക്കോട് ആദ്യം വന്ന മരണവാര്‍ത്ത ബൂത്ത് ഏജന്റിന്റേതായിരുന്നു. കോഴിക്കോട് ടൗണ്‍ ബൂത്ത് നമ്പര്‍ 16ലെ എല്‍ഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ആലപ്പുഴയില്‍ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനാണ് കുഴഞ്ഞുവീണ് മരിച്ചത്. കാക്കാഴം തെക്ക് മുറി വീട്ടില്‍ എസ്എന്‍വി ടിടിഐയില്‍ വോട്ട് ചെയ്യാന്‍ എത്തിയ സോമരാജന്‍(76) ആണ് മരിച്ചത്. അര മണിക്കൂറോളം ക്യൂ നിന്ന ശേഷമാണ് വോട്ട് ചെയ്തത്. ശേഷം മകനൊപ്പം ഓട്ടോയിലേക്ക് കയറുമ്പോള്‍ തളര്‍ന്നുവീഴുകയായിരുന്നു.

പാലക്കാട് രണ്ട് മരണമാണ് വോട്ടെടുപ്പിനിടെ ഉണ്ടായത്.ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രന്‍, തേന്‍കുറിശ്ശി സ്വദേശി ശബരി (32) എന്നിവരാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീണാണ് ചന്ദ്രന്‍ മരിച്ചത്. പോളിംഗ് ആരംഭിച്ച് രാവിലെ 7.30 ഓടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടന്‍ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ശബരി കുഴഞ്ഞുവീണത്. വൈകാതെ തന്നെ മരണവും സംഭവിച്ചു.

മലപ്പുറത്ത് തിരൂരില്‍ വോട്ട് ചെയ്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികന്‍ മരിച്ചത്. നിറമെരുതൂര്‍ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമെരുതൂര്‍ വള്ളികാഞ്ഞീരം സ്‌കൂള്‍ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.

വൈകീട്ടോടെ വടകരയില്‍ നിന്നും സമാനമായ വാര്‍ത്തവന്നു. വടകര മണ്ഡലത്തിലെ വളയത്ത്, വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. വളയം ചെറുമോത്ത് സ്വദേശിനി കുന്നുമ്മല്‍ മാമി (63) ആണ് മരിച്ചത്. വളയം യു.പി സ്‌കൂളിലെ 63ാം നമ്പര്‍ ബൂത്തിലേക്ക്
വോട്ട് ചെയ്യാന്‍ കയറുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.

ഏറ്റവും ഒടുവിലായി ഇടുക്കി മറയൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ സ്ത്രീ കുഴഞ്ഞുവീണു മരിച്ച വാര്‍ത്തയാണ് വന്നത്. കൊച്ചാരം മേലടി സ്വദേശി വള്ളി മോഹന്‍ (50 ) ആണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!