15 January 2025

1382 പരാതികളിൽ തീർപ്പ്
മലപ്പുറം: ഉദ്യോഗസ്ഥ തലത്തിൽ തീർപ്പാകാതെ കിടന്നിരുന്ന പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രത്യേക യജ്ഞമായി നടത്തിയ ‘കരുതലും കൈത്താങ്ങും’ താലൂക്ക് തല പരാതി പരിഹാര അദാലത്തുകളുടെ രണ്ടാം ഘട്ടം മലപ്പുറം ജില്ലയിൽ പൂർത്തിയായി. 2023 ൽ നടത്തിയ അദാലത്തുകളുടെ തുടർച്ചയായി ജില്ലയിലെ ഏഴ് താലൂക്കുകളിലും നടത്തിയ അദാലത്തുകൾക്ക് ജില്ലയുടെ ചുമതലയുള്ള കായിക – ന്യൂനപക്ഷ ക്ഷേമ- ഹജ്ജ്- വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാൻ,  ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് എന്നിവർ നേതൃത്വം നൽകി. ഡിസംബർ 20 ന് നിലമ്പൂരിൽ തുടങ്ങിയ അദാലത്ത് ഇന്നലെ ( ജനുവരി 14) തിരൂരങ്ങാടി അദാലത്തോടെയാണ് സമാപിച്ചത്.

അദാലത്തിൽ പരിഗണിക്കുന്നതിനായി മുൻകൂറായി ഓൺലൈൻ വഴിയും താലൂക്ക് ഓഫീസുകൾ വഴിയും പരാതികൾ സ്വീകരിച്ചിരുന്നു. ഇങ്ങനെ ഏഴ് താലൂക്കുകളിലായി മുൻകൂർ ലഭിച്ച 4232 പരാതികളിൽ 1382 പരാതികൾ തീർപ്പാക്കി. 346 പരാതികൾ പരിഗണനാ വിഷയം അല്ലാത്തതിനാൽ തള്ളി. അദാലത്ത് വേദികളിൽ 2515 പുതിയ പരാതികൾ ലഭിച്ചു. ഇവ ഉൾപ്പെടെ ആകെ 6747 പരാതികളാണ് പരിഗണയ്ക്ക് വന്നത്. ഇവയിൽ അവശേഷിക്കുന്ന 5019 പരാതികൾ രണ്ടാഴ്ചക്കകം തീർപ്പാക്കി ബന്ധപ്പെട്ട കക്ഷികളെ അറിയിക്കാൻ മന്ത്രിമാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഏഴ് അദാലത്തുകളിലായി 442 റേഷൻ കാർഡുകൾ വിതരണം ചെയ്തു. ഇതിൽ 410 മുൻഗണന കാർഡുകളും 32 അന്ത്യോദയ കാർഡുകളുമാണ്.

താലൂക്കടിസ്ഥാനത്തിൽ പരാതികളുടെ എണ്ണം താഴെ പറയും പ്രകാരമാണ്.
നിലമ്പൂരിൽ ആകെ ലഭിച്ച 1209 പരാതികളിൽ 187 എണ്ണം അദാലത്ത് ദിവസം പരിഹരിച്ചു. പെരിന്തൽമണ്ണ താലൂക്കിൽ 799 പരാതികളിൽ 152 പരാതികളാണ് പരിഹരിച്ചത്. തിരൂരിൽ 1202 പരാതികളിൽ 166 എണ്ണവും പൊന്നാനിയിൽ 453 പരാതികളിൽ 89 എണ്ണവും അദാലത്ത് വേദിയിൽ തീർപ്പായി. ഏറനാട് താലൂക്കിൽ ലഭിച്ച 1168 പരാതികളിൽ 386 പരാതികൾ പരിഹരിച്ചു. കൊണ്ടോട്ടിയിൽ 973 പരാതികളിൽ 223 ഉം തിരൂരങ്ങാടിയിൽ 943 പരാതികളിൽ 179 പരാതികളും മന്ത്രിമാരുടെ നേതൃത്വത്തിൽ പരിഹരിച്ചു. ബാക്കിയുള്ള വേഗത്തിൽ പരിഹരിച്ചു വരികയാണ്.

കാലങ്ങളായി പരിഹരിക്കപ്പെടാതിരുന്ന അനേകം കേസുകളാണ് അദാലത്തിൽ പരിഹരിച്ചത്. ഭിന്നശേഷിക്കാരുടെ വിഷയങ്ങൾ, ചികിത്സാ സഹായം, മുൻഗണന റേഷൻ കാർഡുകളുടെ വിതരണം എന്നിങ്ങനെ മുന്നിലെത്തിയ എല്ലാ വിഷയങ്ങളിലും മന്ത്രിമാർ പരിഹാരം നിർദേശിച്ചു. ഉന്നയിച്ച വിഷയങ്ങളിൽ പരിഹാരം കിട്ടിയ ആശ്വാസത്തിലാണ് പരാതിക്കാർ മടങ്ങിയത്.

വിപുലമായ ഒരുക്കങ്ങളാണ് അദാലത്തിനായി ഓരോ താലൂക്കിലും ഒരുക്കിയത്. ഭിന്നശേഷിക്കാർക്കായി പ്രത്യേക കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഭൂമി സംബന്ധമായ പോക്കുവരവ്, അതിര്‍ത്തി നിര്‍ണ്ണയം, അനധികൃത നിര്‍മ്മാണം, ഭൂമി കയ്യേറ്റം, അതിര്‍ത്തിത്തര്‍ക്കങ്ങളും വഴി തടസ്സപ്പെടുത്തലും, സര്‍ട്ടിഫിക്കറ്റുകള്‍ – ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/ നിരസിക്കല്‍, കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ, വയോജന സംരക്ഷണം, പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍, മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക- ബുദ്ധി – മാനസിക വെല്ലവിളി നേരിടുന്നവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍, ബന്ധപ്പെട്ട മറ്റ് ആവശ്യങ്ങള്‍, പരിസ്ഥിതി മലിനീകരണം – മാലിന്യ സംസ്‌കരണം
പൊതു ജലസ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷന്‍ കാര്‍ഡ്, കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇന്‍ഷുറന്‍സ്- കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/ സഹായം, മേഖലയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി, രോഗ്യമേഖലയിലെ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/ നഷ്ടപരിഹാരം, വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍ – അപേക്ഷകള്‍, തണ്ണീര്‍ത്തട സംരക്ഷണം, അപകടകരങ്ങളായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്, പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം തുടങ്ങിയ വിഷയങ്ങളാണ് അദാലത്തുകളിൽ പരിഗണിച്ചത്.

ഓരോ വകുപ്പുകൾക്കും പരാതി സ്വീകരിക്കാനായി പ്രത്യേക കൗണ്ടറുകളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഉദ്യോഗസ്ഥർക്കു പുറമെ സിവിൽ ഡിഫെൻസ് വോളന്റീയർമാർ, ട്രോമ കെയർ എന്നിവരുടെ സഹകരണവും ഉണ്ടായിരുന്നു.

അദാലത്തിൽ  മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാൻ എന്നിവർക്ക് പുറമേ എം.എൽ.എ.മാർ,  മറ്റ് ജനപ്രതിനിധികൾ, ജില്ലാ കളക്ടർ വി ആർ വിനോദ്, പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ്വ ത്രിപാദി, തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര, അസിസ്റ്റന്റ് കളക്ടർ വി എം ആര്യ, എഡിഎം എൻ എം മെഹറലി, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ, താലൂക്ക് – ഫീൽഡ് ലെവൽ ഓഫീസർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!