അരീക്കോട്: ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച റീലിന് (വിഡിയോ) ലോക കാഴ്ചക്കാരുടെ റെക്കോഡിനെ മറികടക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഫ്രീ സ്റ്റൈൽ ഫുട്ബാൾ താരം. അരീക്കോട് മാങ്കടവ് സ്വദേശി മുഹമ്മദ് റിസ് വാനാണ് പട്ടികയിൽ ഒന്നാമനായി ഇടം നേടിയത്.
നിലവിൽ ഇൻസ്റ്റഗ്രാമിൽ കൂടുതൽ കാഴ്ചക്കാർ വീക്ഷിച്ച റീൽ ഫ്രീ സ്റ്റൈൽ വിഡിയോ ഉൾപ്പെടെ ചെയ്യുന്ന ഇറ്റലിക്കാരൻ കാബിയുടെതാണെന്നാണ് ഗൂഗിൾ പറയുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ പേർ വീക്ഷിച്ച വിഡിയോ (ലേൺ ഫ്രം കാബി) ഇതിനകം 289 മില്യൺ (28.9 കോടി) കാഴ്ചക്കാരിലേക്കാണ് എത്തിയത്.
അതിനെ മറികടന്നാണ് റിസ് വാൻ 10 ദിവസം മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബാൾ തട്ടുന്ന 30 സെക്കൻഡ് റീലിന് പ്രതികരണം ലഭിച്ചത്. ഈ വിഡിയോ പത്ത് ദിവസം കൊണ്ട് 350 മില്യൺ (35 കോടി) കാഴ്ചക്കാരാണ് കണ്ടത്.
അപൂർവ നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് റിസ് വാൻ ‘മാധ്യമ’ത്തോട് പറഞ്ഞു. മൂന്നുവർഷം മുമ്പാണ് വിദേശരാജ്യങ്ങളിൽ പ്രധാനമായി കണ്ടുവരുന്ന ഫ്രീ സ്റ്റൈൽ ഫുട്ബാളിലേക്ക് റിസ് വാൻ എത്തുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ വിദേശരാജ്യങ്ങളിലെ ഫ്രീസ്റ്റൈൽ താരങ്ങളുടെ വിഡിയോകൾ പ്രചോദനമായാണ് ഈ രംഗത്തേക്ക് പ്രവേശിച്ചത്. തുടർന്ന് മികച്ച രീതിയിലുള്ള കഠിന പരിശ്രമമാണ് റിസ് വാൻ എന്ന ഈ 21 വയസ്സുകാരനെ ഫ്രീസ്റ്റൈൽ ഫുട്ബാൾ താരമാക്കി മാറ്റിയത്. പ്രഫഷനൽ ഫുട്ബാൾ താരങ്ങൾക്ക് പോലും ചെയ്യാൻ കഴിയാത്ത തരത്തിലുള്ള അഭ്യാസപ്രകടനങ്ങളാണ് പന്ത് കൊണ്ട് ഈ മിടുക്കൻ ചെയ്യുന്നത്. ഫുട്ബാൾ കൈകൊണ്ട് മാത്രമല്ല മൊബൈൽ ഫോൺ ഒറ്റക്കൈയിൽ വെച്ചുകൊണ്ട് കറക്കും.
ചാലിയാറിന് കുറുകെയുള്ള പെരുങ്കടവ് പാലത്തിൽ കയറിയിരുന്ന് റിസ് വാൻ പുഴയിലേക്ക് കാലിട്ടും പന്ത് തട്ടും. മാങ്കടവ് സ്വദേശി അബ്ദുൽ മജീദ്- മൈമൂന ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: മുഹ്സിൻ, റിഫാൻ, ഇർഫാന തസ്നി.