ഓസ്കറിൽ നിന്ന് രാജ്യത്തിന്റെ ഔദ്യോഗിക എൻട്രിയായ മലയാള ചിത്രം ‘2018’ പുറത്ത്. മികച്ച രാജ്യാന്തര ചിത്രം വിഭാഗത്തിലെ നാമനിർദ്ദേശത്തിനായാണ് 2018 മത്സരിച്ചത്. 88 സിനിമകളുടെ പട്ടികയിൽ നിന്ന് 15 സിനിമകൾ ചുരുക്കപ്പട്ടികയിൽ ഇടം നേടി. അർമേനിയ, ഭൂട്ടാൻ, ജർമനി, ഡെൻമാർക്ക്, ഫ്രാൻസ്, ജപ്പാൻ, മെക്‌സികോ തുടങ്ങീ പതിനഞ്ചോളം രാജ്യങ്ങളിൽ നിന്നുള്ള 15 ചിത്രങ്ങളാണ് വിദേശ ഭാഷ ചിത്രത്തിനുള്ള അവസാന പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
കേരളത്തിൽ 2018 ൽ സംഭവിച്ച പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് 2018. ടോവിനോ നായകനായ ചിത്രം വലിയ സാമ്പത്തിക വിജയം നേടിയിരുന്നു. ഈ വർഷത്തെ 100 കോടി ക്ലബ്ബിലും ചിത്രം ഇടംപിടിച്ചിരുന്നു. അതേസമയം ‘ടു കിൽ എ ടൈഗർ’ ഡോകുമെൻ്ററി വിഭാഗത്തിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടു.
അതേസമയം, 96-ാമത് അക്കാദമി അവാർഡിനുള്ള ഇന്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിൽ 15 സിനിമകൾ അടുത്ത റൗണ്ടായ വോട്ടിങ്ങിലേക്ക് കടക്കും. വിദേശ ഭാഷാ വിഭാഗത്തിലേക്ക് മത്സരിക്കുന്ന എല്ലാ ചിത്രങ്ങളും ഇംഗ്ലീഷ് സബ്ടൈറ്റിലോടെ അക്കാദമിയിൽ പ്രദർശിപ്പിക്കും. അക്കാദമി അംഗങ്ങളായ എല്ലാവർക്കും ഇഷ്ടപ്പെട്ട അഞ്ച് സിനിമകൾ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കാം. കൂടുതൽ വോട്ടുകൾ ലഭിക്കുന്ന ഒമ്പത് സിനിമകളാണ് അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുക.
മികച്ച രാജ്യാന്തര ചിത്രത്തിനുള്ള ഓസ്‌കർ ചുരുക്കപട്ടികയിൽ ഇടം പിടിച്ച സിനിമകൾ
>പെർഫെക്റ്റ് ഡേയ്സ് (ജപ്പാൻ)
>ഫാളൻ ലീവ്‌സ് (ഫിൻലാൻഡ്)
>ടോട്ടം (മെക്‌സിക്കോ)
>ദി മോങ്ക് ആൻഡ് ദ ഗൺ (ഭൂട്ടാൻ)
>അമേരിക്കാറ്റ്‌സി (അർമേനിയ)
>ദി പ്രോമിസ്ഡ് ലാൻഡ് (ഡെൻമാർക്ക്)
>ദ ടേസ്റ്റ് ഓഫ് തിങ്‌സ് (ഫ്രാൻസ്)
>ദ മദർ ഓഫ് ഓൾ ലൈസ് (മൊറോക്കോ)
>സൊസൈറ്റി ഓഫ് ദി സ്‌നോ (സ്‌പെയിൻ)
>ഫോർ ഡോട്ടേഴ്‌സ് (ടുണീഷ്യ)
>20 ഡേയ്സ് ഇൻ മരിയുപോള് ( ഉക്രെയ്ൻ)
>സോൺ ഓഫ് ഇൻട്രസ്റ്റ് (യു.കെ)
>ടീച്ചേഴ്‌സ് ലോഞ്ച് (ജർമനി)
>ഗോഡ്ലാൻഡ് (ഐസ്ലാൻഡ്)
>ലോ ക്യാപിറ്റാനോ (ഇറ്റലി)