25 December 2024

മമ്മൂട്ടി നായകനായി വേഷമിട്ട ആക്ഷന്‍ ചിത്രം ടര്‍ബോയെത്തി. പ്രേക്ഷക പ്രതീക്ഷകള്‍ നിറവേറ്റുന്ന തരത്തിലുള്ള ചിത്രമാണ് ടര്‍ബോയെന്നാണ് അഭിപ്രായങ്ങളും. ആവേശം നിറയ്ക്കുന്ന ഒരു മമ്മൂട്ടി ചിത്രമാണ് ടര്‍ബോ. മമ്മൂട്ടി ആരാധകര്‍ ആകര്‍ഷിക്കുന്നതാണ് ടര്‍ബോയെന്നാണ് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നത്.

നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ചിത്രത്തിന്റെ പ്രതികരണങ്ങള്‍ കുറിച്ചിരിക്കുന്നത്. സാങ്കേതികപരമായി മികവ് കാട്ടുന്ന ഒരു ചിത്രം എന്നാണ് ഒരു പ്രേക്ഷകര്‍ കുറിച്ചിരിക്കുന്നത്. ആദ്യ പകുതി മികച്ചതാണ്. സംവിധായകന്‍ വൈശാഖിന്റെ ടര്‍ബോയുടെ പശ്ചാത്തല സംഗീതവും മികച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

ജോസേട്ടായിയുടെ വണ്‍മാന്‍ ഷോ ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതാണ് ടര്‍ബോ. വൈശാഖ് – മമ്മൂട്ടി കൂട്ടുകെട്ടിന്റെ മൂന്നാമത്തെ സിനിമ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല എന്ന് പറയാം. ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിലെ പള്ളി പെരുന്നാളിലൂടെയാണ് ടര്‍ബോ തുടങ്ങുന്നത്.

മമ്മൂട്ടിയുടെ ഒരു മാസ് എന്‍ട്രിയല്ല സിനിമയിലുള്ളത്. പക്ഷേ ആദ്യ അഞ്ച് മിനിറ്റിനുള്ളിലുള്ള പെരുന്നാള്‍ അടിയിലൂടെ മമ്മൂട്ടിയുടെ ടര്‍ബോ എനര്‍ജി എന്താണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാകും. സിനിമ തുടങ്ങുമ്പോള്‍ തന്നെ ടര്‍ബോ ജോസിന്റെ പശ്ചാത്തലമെന്താണെന്ന് പ്രേക്ഷകര്‍ക്ക് മനസിലാക്കി കൊടുക്കുന്നുണ്ട് വൈശാഖ്.

ചെറിയ തമാശകളൊക്കെയായി വളരെ പതിയെ ആണ് ആദ്യ പകുതി മുന്നോട്ട് പോകുന്നത്. ഇന്റര്‍വെല്ലിനോട് അടുത്താണ് സിനിമ പ്ലോട്ടിലേക്ക് കടക്കുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ ടര്‍ബോ ജോസെന്ന കഥാപാത്രം ചെന്നൈയിലേക്ക് എത്തുന്നതോടെയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.

തന്റെ സുഹൃത്തും സഹോദര തുല്യനുമായ ജെറി എന്ന കഥാപാത്രം ഒരു ബാങ്ക് കൊള്ള കണ്ടുപിടിക്കുകയും അതിന്റെ പേരില്‍ കൊല്ലപ്പെടുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വെട്രിവേല്‍ ഷണ്‍മുഖ സുന്ദരം എന്ന വില്ലന്‍ കൂടി ചിത്രത്തിലേക്ക് പ്രവേശിക്കുന്നതോടെ സിനിമ വേറൊരു ലെവലിക്ക് മാറുകയാണ്. ജെറിയായി ശബരീഷ് വര്‍മ്മയെത്തുമ്പോള്‍ വെട്രിവേല്‍ ഷണ്‍മുഖമായി കന്നഡ താരം രാജ് ബി ഷെട്ടിയാണെത്തുന്നത്.

തുടക്കം മുതല്‍ അവസാനം വരെ ടര്‍ബോ ജോസായുള്ള മമ്മൂട്ടിയുടെ സ്‌ക്രീന്‍ പ്രെസന്‍സ് തന്നെയാണ് സിനിമയെ പ്രധാനമായും പിടിച്ചു നിര്‍ത്തുന്നത്. മമ്മൂട്ടിയും രാജ് ബി ഷെട്ടിയും തമ്മിലുള്ള കോമ്പിനേഷന്‍ രംഗങ്ങളെല്ലാം തിയറ്ററില്‍ കൈയ്യടി നേടി. രാജ് ബി ഷെട്ടിയുടെ ഇന്‍ട്രോ സീനും ആവേശത്തിലാഴ്ത്തുന്നതാണ്.

ആന്‍ഡ്രൂ ആയെത്തിയ ദിലീഷ് പോത്തന്‍, ഓട്ടോ ബില്ലയായെത്തിയ നടന്‍ സുനില്‍, വിന്‍സെന്റായെത്തിയ കബീര്‍ ദുഹാന്‍ സിങ് എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മറ്റു കഥാപാത്രങ്ങളായെത്തിയ ബിന്ദു പണിക്കര്‍, അഞ്ജന ജയപ്രകാശ്, നിരഞ്ജന അനൂപ് തുടങ്ങിയവരും അവരവരുടെ ഭാഗം ഗംഭീരമാക്കി.

ഒരു ആവറേജ് കഥയെ അസാധ്യമായ മേക്കിങ് കൊണ്ട് ഗംഭീരമാക്കി എന്ന് പറയാം. അടുത്ത സീനില്‍ എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നതെന്ന് ഒരുപരിധി വരെ പ്രേക്ഷകര്‍ക്ക് പലയിടങ്ങളിലും ഊഹിക്കാനാകും. വളരെ ഒതുക്കത്തോടെ തന്നെ തിരക്കഥയൊരുക്കാന്‍ മിഥുന്‍ മാനുവല്‍ തോമസിന് കഴിഞ്ഞിട്ടുണ്ട്. കഥയില്‍ ചെറിയൊരു ഇഴച്ചില്‍ സംഭവിക്കുമ്പോള്‍ തന്നെ, വളരെ പെട്ടെന്ന് അതിനെ മറിക്കടക്കാന്‍ തിരക്കഥയ്ക്കായി എന്ന് പറയാം.

ക്ലൈമാക്‌സിലുള്ള ചെറിയൊരു ട്വിസ്റ്റും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്. വെട്രിവേല്‍ ഷണ്‍മുഖത്തിന്റെയും ജോസിന്റേയും കഥ ഇനിയാണ് ആരംഭിക്കാന്‍ പോകുന്നത്. ആക്ഷനും മാസും പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകരെ മമ്മൂട്ടിക്കമ്പനിയും വൈശാഖും കൈവിട്ടില്ല എന്ന് നിസംശയം പറയാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!