കായംകുളത്ത് കെഎസ്ആര്‍ടിസി കണ്ടക്ടറെ അസഭ്യം പറഞ്ഞ സംഭവത്തില്‍ പ്രതി പിടിയില്‍. കൊട്ടാരക്കര ഇഞ്ചക്കാട് സ്വദേശി ഷിബുവിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ സ്വകാര്യ റോഡ് നിര്‍മ്മാണ കമ്പനിയിലെ സൂപ്പര്‍വൈസറാണ്. കെഎസ്ആര്‍ടിസി കണ്ടക്ടറെ അസഭ്യം പറയുന്ന വിഡിയോ ട്വന്റിഫോര്‍ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ കണ്ടക്ടര്‍ അടൂര്‍ പൊലീസില്‍ പരാതിയും നല്‍കി. ഈ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റുണ്ടായിരിക്കുന്നത്.
കെഎസ്ആര്‍ടിസി ബസില്‍ കയറി കണ്ടക്ടറെ അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ താന്‍ മദ്യലഹരിയിലായിരുന്നെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തിയേക്കും.
അടൂര്‍ ഡിപ്പോയില്‍ നിന്ന് ചക്കുളത്തുകാവിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ വച്ചാണ് ഇയാള്‍ കണ്ടക്ടറെ അധിക്ഷേപിച്ചത്. കണ്ടക്ടറോട് ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെട്ടതായിരുന്നു യാത്രക്കാരനെ പ്രകോപിപ്പിച്ചത്. കണ്ടക്ടറെ അസഭ്യം പറഞ്ഞ ഷിബു ശമ്പളം കിട്ടാത്ത നിനക്കിത്ര അഹങ്കാരമോ, നിന്റെ വീട്ടില്‍ കഞ്ഞിവച്ചിട്ടുണ്ടോ എന്നിങ്ങനെയെല്ലാം പറഞ്ഞ് കണ്ടക്ടറെ അപമാനിക്കുകയും ചെയ്തിരുന്നു.