ഓയൂര്‍: മദ്യപിക്കാന്‍ വസ്തു വിറ്റ് പണം നല്‍കാന്‍ വിസമ്മതിച്ച ഭാര്യയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അമ്പലകുന്ന് സ്വദേശി പ്രകാശിനെയാണ് അറസ്റ്റ് ചെയ്തത്. ഡോറുകളും ബോണറ്റിന്റെ മേല്‍മൂടിയും ഇല്ലാത്ത കാര്‍ അമിതവേഗത്തില്‍ മുന്നോട്ടും പിന്നോട്ടും എടുത്ത് ഇടിക്കുകയായിരുന്നു. കാര്‍ പിന്നോട്ടെടുക്കുന്നതിനിടയില്‍ ഗേറ്റ് തകര്‍ന്ന് വീണും ഭാര്യയ്ക്ക് പരിക്കുണ്ട്.
ദേഹമാസകലം പരിക്കേറ്റ സ്ത്രീയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്ന പ്രകാശ് വീടും അടിച്ച് തകര്‍ത്തു. ഭാര്യയുടെ പേരിലുള്ള വസ്തുക്കള്‍ വിറ്റ് തുക തീര്‍ന്നതോടെ ഭാര്യയുടെ പേരില്‍ അവശേഷിക്കുന്ന ഒരേക്കര്‍ ഭൂമി കൂടി വിറ്റ് പണം നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വസ്തു വില്‍ക്കാന്‍ ഭാര്യ വിസമ്മതിച്ചതോടെ അവരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.