24 December 2024

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് തിരിച്ചടി. കെ സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു. സെഷന്‍സ് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഉത്തരവ്.

സര്‍ക്കാരിന്റെ റിവിഷന്‍ പെറ്റീഷന്‍ ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി, സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് അയച്ചു. പ്രതിപ്പട്ടികയില്‍ നിന്നും കെ സുരേന്ദ്രനെ ഒഴിവാക്കിയത് റദ്ദാക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. അനുചിതവും നടപടിക്രമങ്ങള്‍ക്ക് വിരുദ്ധവുമാണ് വിചാരണ കോടതിയുടെ നടപടിയെന്ന സര്‍ക്കാര്‍ വാദവും ഹൈക്കോടതി അംഗീകരിച്ചു.

ഒക്ടോബര്‍ അഞ്ചിനാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്‍ അടക്കം മുഴുവന്‍ പ്രതികളെ കാസര്‍കോട് ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റമുക്തരാക്കിയത്. സിപിഎം-ബിജെപി ധാരണയുടെ അടിസ്ഥാനത്തിലാണ്, കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് കോടതിയെ എത്തിച്ചതെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചിരുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ ബിഎസ്പി സ്ഥാനാര്‍ഥിയായിരുന്ന സുന്ദരയ്ക്ക് മത്സരത്തില്‍നിന്നു പിന്‍മാറുന്നതിന് രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കിയെന്നായിരുന്നു കേസ്. കേസില്‍ സുരേന്ദ്രൻ അടക്കം ആറു പ്രതികളുടെയും വിടുതല്‍ ഹര്‍ജി കാസർകോട് സെഷൻസ് കോടതി അംഗീകരിച്ചിരുന്നു. കേസ് ആസൂത്രിതമായി കെട്ടിച്ചമച്ചതാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നുമുള്ള വാദം കോടതി അംഗീകരിച്ചതായാണ് വിധിക്ക് ശേഷം കെ സുരേന്ദ്രന്‍ പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!