മഷിത്തണ്ട്, ആ പേര് കേള്‍ക്കുമ്പോള്‍ തന്നെ പലരുടേയും മനസ് തങ്ങളുടെ സ്‌കൂള്‍ കാലഘട്ടത്തിലേത്ത് ഓടിപോയിട്ടുണ്ടാകും. രാവിലെ തന്നെ സ്‌കൂളില്‍ പോകുമ്പോള്‍ മഷിതണ്ട് പറിക്കാനായി ഓടുന്നതും അത് ഉപയോഗിച്ച് വളരെ വൃത്തിയായി സ്ലേറ്റ് തുടച്ച് എടുന്നതും ഏവര്‍ക്കും മനസിന് കുളിരേകുന്ന ഓര്‍മകള്‍ തന്നെയാണ്.
വെള്ളത്തണ്ട്, വെറ്റില പച്ച, കണ്ണാടി പച്ച, മഷിപ്പച്ച, മക പച്ച, കോലുമഷി, വെള്ളംകുടിയന്‍ അങ്ങനെ പല നാടുകളില്‍ പല പേരുകളിലാണ് മഷിത്തണ്ട് അറിയപ്പെടുന്നത്. എന്നാല്‍ കാലം മാറിയതോടെ മഷിത്തണ്ടിനേയും ആര്‍ക്കും വേണ്ടാതായി. സ്ലേറ്റ് വൃത്തിയാക്കാനോ കളിക്കാനോ ഒന്നും കുട്ടികള്‍ ആരും മഷിത്തണ്ട് തേടി പോകാറില്ല.
എന്നാല്‍ വലിയ വിലയില്‍ ഒരു ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് മഷിത്തണ്ട്. എങ്ങനെയാണെന്നല്ലേ. ഇപ്പോള്‍ പലരും വീടുകളില്‍ അലങ്കാരത്തിനുള്ള ഒരു ഇന്‍ഡോര്‍ പ്ലാന്റായാണ് മഷിത്തണ്ടിനെ ഉപയോഗിക്കുന്നത്. കുറച്ച് വെള്ളവും വളവും നല്‍കിയാല്‍ നല്ല രീതിയില്‍ വളരും എന്നതിനാല്‍ പലരുടേയും ഇഷ്ട ചെടിയായി മഷിത്തണ്ട് മാറകഴിഞ്ഞു.
പരോക്ഷമായ വെയില്‍ മാത്രം ആവശ്യമായ ഈ ചെടികള്‍ ഏത് കാലാവസ്ഥയിലും വളരും. കൂടാതെ ദിവസവും ഈ ചെടികള്‍ക്ക് വെള്ളവും ആവശ്യമില്ല. മണ്ണ് ഉണങ്ങുമ്പോള്‍ മാത്രമേ അവര്‍ക്ക് അത് ആവശ്യമുള്ളൂ. അമിതമായ വെള്ളം ചെടിയുടെ ആരോഗ്യത്തെ നശിപ്പിക്കുന്നു. അതിനാല്‍, അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ വെള്ളം നനയ്ക്കുക. കൂടാതെ കൃത്യമായ ആകൃതിയില്‍ വളരാനായി ചെടി ഇയട്ക്കിടെ വെട്ടി മാറ്റുകയും ചെയ്യാം.