25 December 2024

ലഖ്‌നൗ: കോണ്‍ഗ്രസിനും ബിജെപിക്കും വോട്ട് ചെയ്യരുതെന്ന് ദളിത് വിഭാഗത്തോട് ആവശ്യപ്പെട്ട് ബിഎസ്പി നേതാവ് മായാവതി. ദളിത് വിഭാഗത്തെ കോണ്‍ഗ്രസ് അവഗണിക്കുകയാണ്. ജമ്മു കശ്മീരില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കാനും സ്വാധീനിക്കാനും ശ്രമിക്കും. ദളിത് വിഭാഗങ്ങള്‍ അവരുടെ വാക്കുകള്‍ വിശ്വസിക്കരുതെന്നും മായാവതി പറഞ്ഞു.

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു മായാവതിയുടെ പരാമര്‍ശം. ബിജെപിയും സമാന വാഗ്ധാനങ്ങള്‍ ആവര്‍ത്തിച്ചേക്കാം. ദളിത് വിരുദ്ധ മനോഭാവം പിന്തുടരുന്ന പാര്‍ട്ടികളുടെ ചരിത്രം മനസില്‍ കുറിച്ച് വേണം ദളിത് വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കാന്‍. വോട്ടുകള്‍ പാഴാക്കരുതെന്നും മായാവതി കുറിച്ചു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും ദളിത് വിഭാഗക്കാരെ പ്രശ്‌നസമയത്ത് മാത്രമാണ് ഉപയോഗിക്കുന്നതെന്നും പിന്നീട് അവരെ പാര്‍ശ്വവത്ക്കരിക്കുകയാണെന്നും മായാവതി പറഞ്ഞിരുന്നു. അംബേദ്കറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അത്തരം പാര്‍ട്ടികളില്‍ നിന്ന് അകന്നുനില്‍ക്കണമെന്നും മായാവതി ദളിത് നേതാക്കളോട് ആഹ്വാനം ചെയ്തു. രാഹുല്‍ ഗാന്ധി വിദേശത്ത് പോയി സംവരണം നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത്തരം ഭരണഘടനാ വിരുദ്ധ, സംവരണ വിരുദ്ധ, എസ്സി, എസ്ടി, ഒബിസി വിരുദ്ധ പാര്‍ട്ടികള്‍ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മായാവതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!