തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ബാബരി മസ്ജിദ് പരാമര്‍ശത്തിനെതിരെ മന്ത്രി എം ബി രാജേഷ്. ബാബരി മസ്ജിദ് തകര്‍ത്തത് ജാംബവാന്റെ കാലത്തെ രാഷ്ട്രീയമെന്ന കെ സുധാകരന്റെ പ്രതികരണത്തിനെതിരെയാണ് മന്ത്രി രംഗത്തെത്തിയത്. ബാബരി മസ്ജിദ് പൊളിച്ചതില്‍ ജാംബവാന് പങ്കില്ലെന്നും കോണ്‍ഗ്രസുകാരനായ നരസിംഹ റാവുവിന്റെ കാലത്താണ് ബാബരി മസ്ജിദ് തകര്‍ത്തതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
‘ജാംബവാന് പങ്കില്ല. ബാബരി മസ്ജിദ് തകര്‍ത്തത് ജാംബവാന്റെ കാലത്തെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അല്ല സുധാകരന്‍, കോണ്‍ഗ്രസുകാരനായ നരസിംഹ റാവുവിന്റെ കാലത്താണ് ബാബരി മസ്ജിദ് തകര്‍ത്തത്. ബാബരി മസ്ജിദിന്റെ കവാടങ്ങള്‍ ആരാധനയ്ക്കായി തുറന്നുകൊടുത്ത് ആര്‍എസ്എസിന് തര്‍ക്കമുന്നയിക്കാന്‍ വഴിമരുന്നിട്ട് കൊടുത്തതും ജാംബവാന്‍ ആയിരുന്നില്ല. രാഹുല്‍- പ്രിയങ്കാ ഗാന്ധിമാരുടെ പിതാവ് ശ്രീ രാജീവ് ഗാന്ധിയായിരുന്നു,’ എം ബി രാജേഷ് പറഞ്ഞു.
ബാബരി മസ്ജിദ് നിന്ന സ്ഥലത്ത് ശിലാന്യാസത്തിന് അനുവാദം കൊടുത്തതും രാജീവ് ഗാന്ധിയായിരുന്നുവെന്ന് എം ബി രാജേഷ് പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ത്തത് ജാംബവാന്റെ തലയിലിട്ട് രക്ഷപ്പെടാന്‍ നോക്കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘പിന്നീട് ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്ത് ശിലാന്യാസത്തിനു അനുവാദം കൊടുത്തതും ജാംബവാന്‍ ആയിരുന്നില്ല, കോണ്‍ഗ്രസ് നേതാവായിരുന്ന ശ്രീ. രാജീവ് ഗാന്ധി തന്നെയായിരുന്നു. 1989 ലെ കോണ്‍ഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണം അയോദ്ധ്യയില്‍ നിന്ന് ആരംഭിച്ചതും ജാംബവാന്‍ ആയിരുന്നില്ല, രാജീവ് ഗാന്ധി തന്നെയായിരുന്നു. അതുകൊണ്ട് ബാബറി മസ്ജിദ് തകര്‍ത്തത് സുധാകരന്‍ ജാംബവാന്റെ തലയിലിട്ട് രക്ഷപ്പെടാന്‍ നോക്കേണ്ട,’ അദ്ദേഹം പറഞ്ഞു.
സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തെപ്പറ്റിയും ബാബരി മസ്ജിദ് തകര്‍ത്ത വിഷയത്തില്‍ സന്ദീപ് വാര്യര്‍ മുന്നോട്ട് വെച്ച സംഘപരിവാര്‍ നിലപാടുകളെക്കുറിച്ചുമുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുന്നതിനിടെയായിരുന്നു
സുധാകരന്റെ വിവാദം പരാമര്‍ശം. ബാബരി മസ്ജിദ് ജാംബവാന്റെ കാലത്തെ രാഷ്ട്രീയമാണെന്നും അതൊന്നുമല്ല പാലക്കാട് ചര്‍ച്ച ചെയ്യേണ്ടതെന്നുമായിരുന്നു കെ സുധാകരന്‍ ചോദ്യത്തിന് നല്‍കിയ മറുപടി.
സുധാകരന്റെ പരാമര്‍ശത്തിനെതിരെ സിപിഐഎം നേതാക്കള്‍ അടക്കം രംഗത്തെത്തിയിരുന്നു. ബാബരി മസ്ജിദ് വിഷയത്തില്‍ സുധാകരന്റെ നിലപാടാണോ കോണ്‍ഗ്രസിനെന്ന് മറ്റ് നേതാക്കള്‍ വ്യക്തമാക്കണമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇന്ത്യന്‍ മതനിരപേക്ഷതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിനെ ഇങ്ങനെ വല്ലാതെ പ്രീണിപ്പിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.
സന്ദീപ് വാര്യര്‍ വന്നതിന്റെ എഫക്ടാണ് കെ സുധാകരന്റെ പരാമര്‍ശമെന്നായിരുന്നു ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷന്‍ എ എ റഹീം പ്രതികരിച്ചത്. വിഷയത്തില്‍ മുസ്ലിം ലീഗ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.’