ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ താനെടുത്ത വിഡിയോയെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന മാധ്യമങ്ങളും പ്രധാനമന്ത്രിയും പ്രതിപക്ഷത്തെ 150 എം.പിമാരെ പാർലമെന്റിൽനിന്ന് എടുത്ത് പുറത്തിട്ടതിനെ കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. പാർലമെന്റിൽനിന്ന് പുറത്താക്കപ്പെട്ട എം.പിമാർക്ക് പറയാനുള്ളതെങ്കിലും ഒന്ന് വാർത്തയാക്കിക്കൂടെ എന്ന് മിമിക്രി വിവാദത്തിൽ പ്രതികരണത്തിനായി ചെന്ന മാധ്യമങ്ങളോട് രാഹുൽ ചോദിച്ചു.
പാർലമെന്റ് കവാടത്തിലെ പ്രതിഷേധത്തിനിടെ താൻ പിടിച്ച വിഡിയോ തന്റെ പക്കലുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ, പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷനെ കുറിച്ച് മാധ്യമങ്ങളിൽ ഒരു ചർച്ചയും നടക്കുന്നില്ല. അദാനിയെ കുറിച്ചും റഫാൽ ഇടപാടിനെ കുറിച്ചും അതിന്റെ അന്വേഷണത്തെ കുറിച്ചും ചർച്ചയൊന്നുമില്ല. തൊഴിലില്ലായ്മയെ കുറിച്ച് ഒരു ചർച്ചയുമില്ല. മാധ്യമങ്ങൾ പൂർണമായും ഒരേ ലൈനിൽ പോയാലെന്തു ചെയ്യുമെന്നും രാഹുൽ ചോദിച്ചു.