തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ‘കാരുണ്യ സ്പര്‍ശം – സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പദ്ധതി വഴി 2.01 കോടി രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതില്‍ 1.34 കോടി രൂപ കുറച്ചാണ് കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ വഴി വിതരണം ചെയ്തത്. തികച്ചും ലാഭരഹിതമായാണ് മരുന്നുകൾ നൽകുന്നത്. ഇക്കഴിഞ്ഞ ആഗസ്റ്റ് 29നാണ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കേവലം മൂന്നര മാസം കൊണ്ട് നിരവധി പേര്‍ക്കാണ് ഇതിലൂടെ സഹായകമായതെന്നും മന്ത്രി വ്യക്തമാക്കി.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ കാരുണ്യ ഫാര്‍മസികളിലെ ‘കാരുണ്യ സ്പര്‍ശം – സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ്‌സ്’ പ്രത്യേക കൗണ്ടര്‍ വഴിയാണ് കാന്‍സര്‍ മരുന്നുകള്‍ വിതരണം ചെയ്ത് വരുന്നത്. വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ ജനങ്ങള്‍ക്ക് പരമാവധി വില കുറച്ച് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രി വീണാ ജോര്‍ജ് മുന്‍കൈയ്യെടുത്ത് പദ്ധതി ആരംഭിച്ചത്. 40,000 രൂപ വിലവരുന്ന മരുന്നുകള്‍ പോലും കേവലം 6,000 രൂപ മാത്രം ഈടാക്കിയാണ് ഈ കൗണ്ടര്‍ വഴി വില്‍പന നടത്തി വരുന്നത്.