24 December 2024

തിരുവനന്തപുരം: ഹൈസ്‌കൂള്‍ തലം മുതല്‍ എഴുത്ത് പരീക്ഷയില്‍ ജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. എട്ടാം ക്ലാസ് മുതല്‍ എല്ലാവരെയും ജയിപ്പിക്കുന്ന രീതി അവസാനിക്കുന്നു.ആദ്യ ഘട്ടമായി എട്ടാം ക്ലാസിലാണ് തീരുമാനം നടപ്പിലാക്കുന്നത്. മൂന്ന് അധ്യയന വര്‍ഷം കൊണ്ട് ഹൈസ്‌കൂള്‍ തലത്തിലെ എല്ലാ ക്ലാസുകളിലും സബജക്ട് മിനിമം നടപ്പാക്കാനാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.

ഉന്നതവിദ്യാഭ്യാസ രംഗത്ത് സംസ്ഥാനത്തെ കുട്ടികള്‍ പിന്നില്‍ പോകുന്നത് ഹൈസ്‌കൂള്‍ ക്ലാസുകളിലെ ഉദാരമായ മൂല്യനിര്‍ണയം കൊണ്ടാണെന്ന വിമര്‍ശനം കണക്കിലെടുത്താണ് പുതിയ തീരുമാനം. ഒരു വിഷയത്തില്‍, എഴുത്ത് പരീക്ഷയിലും നിരന്തര മൂല്യനിര്‍ണയത്തിലുമായി 30% മാര്‍ക്ക് നേടിയാല്‍ ജയിക്കാമെന്നതാണ് നിലവിലുളള രീതി. എല്ലാവരെയും ജയിപ്പിക്കുന്ന ഈ രീതി അവസാനിപ്പിക്കുകയാണ്. ഇനി മുതല്‍ ഒരോ വിഷയത്തിലെയും എഴുത്ത് പരീക്ഷയിലും കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് നേടിയാലെ ജയിക്കാനാവൂ. ഇതാണ് ഇന്നത്തെ മന്ത്രിസഭാ തീരുമാനത്തിന്റെ ഫലം.

ഹൈസ്‌കൂള്‍ ക്ലാസുകളില്‍ മുഴുവനായി കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പരിഷ്‌കാരം ആദ്യഘട്ടത്തില്‍ എട്ടാം ക്ലാസിലാണ് നടപ്പാക്കുക. അടുത്ത അധ്യയന വര്‍ഷം മുതല്‍ ഒന്‍പതാം ക്‌ളാസിലും 2026-27 അധ്യയന വര്‍ഷം പത്താം ക്ലാസിലും മിനിമം മാര്‍ക്ക് വ്യവസ്ഥ നടപ്പിലാകും. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച എജ്യുക്കേഷണല്‍ കോണ്‍ക്ലേവില്‍ ഉണ്ടായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഷ്‌കാരം കൊണ്ടുവന്നത്. കോണ്‍ക്ലേവിലെ നിര്‍ദ്ദേശങ്ങളുടെ ചുവടുപിടിച്ച് എഴുത്ത് പരീക്ഷയില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം കൊണ്ടുവരാന്‍ നേരത്തെ വിദ്യാഭ്യാസ വകുപ്പ് ശ്രമിച്ചിരുന്നു.

എന്നാല്‍ സിപിഐഎം അധ്യാപക സംഘടന കെഎസ്ടിഎ ഇതിനെ എതിര്‍ത്തിരുന്നു. മന്ത്രിയുടെ സാന്നിധ്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇപ്പോള്‍ സിപിഐഎം നേതൃത്വം ഇടപെട്ടാണ് കെഎസ്ടിഎയുടെ എതിര്‍പ്പ് ഇല്ലാതാക്കിയത്. ഇതോടെയാണ് മന്ത്രിസഭ തീരുമാനമെടുത്തത്. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ക്ക് മിനിമം മാര്‍ക്ക് സമ്പ്രദായത്തോട് എതിര്‍പ്പുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!