24 December 2024

തിരുവനന്തപുരം: ശ്രുതിയെ ഒരിക്കലും തനിച്ചാക്കില്ല മന്ത്രി കെ രാജൻ.. ശ്രുതിയ്ക്ക് സർക്കാർ ജോലി നൽകും. സർക്കാർ എല്ലാ സഹായങ്ങളും നൽകുമെന്നും മന്ത്രി പറഞ്ഞു.
വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയെ തനിച്ചാക്കി മരണത്തിന് കീഴടങ്ങിയ പ്രതിശ്രുത വരൻ ജെൻസന്റെ വേർപാടിന് പിന്നാലെയാണ് മന്ത്രിയുടെ പരാമർശം. ഇന്നലെ കൽപ്പറ്റയിലെ വെള്ളാരംകുന്നിൽ ഉണ്ടായ അപകടത്തിൽ ജെൻസനും ശ്രുതിയും ഉൾപ്പെടെ ഒൻപത് പേർക്ക് പരിക്കേറ്റിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാനിൽ സ്വകാര്യ ബസ് ഇടിച്ചായിരുന്നു അപകടം. കോഴിക്കോട്ടെ ബന്ധുവീട്ടിലേക്ക് പോകുകയായിരുന്നു. വാനിന്റെ മുൻഭാഗം പൂർണമായും തകർന്നിരുന്നു.

അകത്ത് കുടുങ്ങിയവരെ വാനിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ജെൻസന്റെ തലയ്ക്ക് പുറത്തും ഉൾപ്പടെ രക്തസ്രാവമുണ്ടായത് നില ഗുരുതരമാക്കി. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി ഒൻപത് മണിയോടെയായിരുന്നു ജെൻസന്റെ മരണം.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലിനോക്കുകയായിരുന്നു ശ്രുതി. ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ ശ്രുതിയുടെ അമ്മ സബിത, അച്ഛൻ ശിവണ്ണ, സഹോദരി ശ്രേയ, അമ്മമ്മ അടക്കമുള്ളവരെ നഷ്ടപ്പെട്ടിരുന്നു. കോഴിക്കോടായിരുന്നതിനാൽ ശ്രുതി അപകടത്തിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രിയപ്പെട്ടവരെ വിയോഗത്തിൽ തളർന്ന ശ്രുതിക്ക് കൈത്താങ്ങായത് പ്രതിശ്രുത വരനായ ജെൻസനായിരുന്നു.

വിവാഹ‍ം ഡിസംബറിൽ നടത്താൻ കുടംബം തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് ശ്രുതിക്ക് കുടുംബത്തെ നഷ്ടപ്പെട്ടത്. മരണാനന്തര ചടങ്ങുകൾക്ക് ശേഷം ലളിതമായി വിവാഹം നടത്താനിരിക്കെയാണ് ജെൻസനും മരണത്തിന് കീഴടങ്ങിയത്. കാലിന് പരിക്കേറ്റ ശ്രുതി ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!