തിരുവനന്തപുരം: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന കേന്ദ്രനിലപാടിനെതിരെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു. കേന്ദ്ര നിലപാട് അത്യന്തം അപലപനീയമാണെന്ന് മന്ത്രി പറഞ്ഞു. ന്യായമായ സഹായം നല്‍കില്ല എന്ന സമീപനം നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണെന്നും മന്ത്രി പറഞ്ഞു.
കേരളത്തോട് പ്രതികാരാത്മക മനോഭാവമാണ് കേന്ദ്രംവെച്ചുപുലര്‍ത്തുന്നതെന്നും മന്ത്രി പറഞ്ഞു. പല അനുഭവങ്ങളിലൂടെ അത് വ്യക്തമാണ്. നിലവിലത്തേത് ഏറ്റവും പുതിയ അധ്യായമാണ്. കേരളത്തോടും കേരളീയരോടുമുള്ള വെല്ലുവിളിയാണിതെന്നും മന്ത്രി വ്യക്തമാക്കി.
ചുരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിനെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി അറിയിച്ചതായിരുന്നു ഇക്കാര്യം. കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഹായം നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. കേന്ദ്രസര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റ ന്യായമായ ആവശ്യങ്ങള്‍ നേടാനായി ആരുമായും സഹകരിച്ച് പ്രതിഷേധമുയര്‍ത്തുമെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റേത് പക്ഷപാത നിലപാടെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്