തിരുവനന്തപുരം: റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ ജോയിയെ ഇതുവരെയും കണ്ടെത്താനായില്ല.അപകടമുണ്ടായ സ്ഥലം റെയില്‍വേയുടേതാണെന്നും ആമയിഴഞ്ചാന്‍ തോടിന്റെ റെയില്‍വേയുടെ അധീനതയിലുള്ള ഭാഗത്തെ മാലിന്യം നീക്കം ചെയ്യാന്‍ റെയില്‍വേ ഒരിക്കലും സംസ്ഥാന സര്‍ക്കാരിനെയോ തിരുവനന്തപുരം കോര്‍പ്പറേഷനെയോ അനുവദിക്കാറില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.
പ്രദേശത്ത് ശുചീകരണം നടത്താമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ റെയില്‍വേ സമ്മതിക്കാറില്ല. മാലിന്യം നീക്കാനുളള നടപടികളൊന്നും റെയില്‍വേ സ്വീകരിച്ചില്ലെന്നും മന്ത്രി ആരോപിച്ചു.
‘ഇത്തവണ ശുചീകരണത്തിന് വേണ്ടി ചുമതലപ്പെടുത്തിയത് പരിചയസമ്പന്നരായ തൊഴിലാളികളെയല്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവര്‍ക്ക് വേണ്ടത്ര സുരക്ഷാ സംവിധാനവും കരാറുകാരന്‍ ഒരുക്കിയിട്ടില്ല എന്നാണ് അറിയുന്നത്.
തോട്ടില്‍ ഒരാളെ കാണാതായിട്ടും റെയില്‍വേയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരാരും സ്ഥലം സന്ദര്‍ശിക്കുകയോ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയോ ചെയ്തിട്ടില്ല. സംഭവം നടന്ന സ്ഥലത്തിന്റെ ഒരു വിളിപ്പാടകലെ മാത്രമാണ് റെയില്‍വേ ഡിവിഷണല്‍ ഓഫീസ്.
1995ല്‍ മേയറായിരുന്നപ്പോഴും ഇപ്പോള്‍ മന്ത്രിയായപ്പോഴും തമ്പാനൂരിലെ വെള്ളക്കെട്ടിനെ സംബന്ധിച്ചും ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നത് സംബന്ധിച്ചും നിരവധി യോഗങ്ങള്‍ വിളിച്ചു ചേര്‍ത്തിരുന്നു. എന്നാല്‍ ഈ യോഗങ്ങളോടെല്ലാം നിഷേധാത്മക നിലപാടാണ് റെയില്‍വേ സ്വീകരിച്ചത്’.
ഇപ്പോഴുണ്ടായ അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് റെയില്‍വേയ്ക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ലെന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.