പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സമരത്തിനിറങ്ങിയ എസ്എഫ്ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, സമരം ചെയ്ത് ഉഷാറാകട്ടെ എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. സമരം ചെയ്തൊക്കെ അവര് പഠിച്ച് വരട്ടേന്ന്… ഇങ്ങനെയൊക്കെയല്ലേ അവര് കാര്യങ്ങള് പഠിച്ചു വരാന്‍ പറ്റുകയുള്ളൂ. മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.
മലപ്പുറത്ത് പ്ലസ്വണ്‍ സീറ്റ് ക്ഷാമം ഇല്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. 17,298 പേര്‍ക്കാണ് ഇനി സീറ്റ് കിട്ടാനുള്ളത്. സപ്ലിമെന്ററി അലോട്ട്മെന്റ് കഴിയുമ്പോള്‍ 7,408 സീറ്റില്‍ പ്രശ്നം വരും. അതില്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ആലോചിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ എയിഡഡ് സ്‌കൂളുകളില്‍ സീറ്റ് വര്‍ധിപ്പിച്ച് ഉത്തരവായിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 77,951 വിദ്യാര്‍ത്ഥികള്‍ വിജയിച്ചതില്‍ 12, 377 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയങ്ങളില്‍ എ പ്ലസ് നേടിയിരുന്നു. അങ്ങനെയുള്ള കഴിഞ്ഞ വര്‍ഷം സീറ്റ് ക്ഷാമമില്ലാതെ പരിഹരിച്ചിട്ടുണ്ട്. 2024 മാര്‍ച്ചില്‍ 79,748 വിദ്യാര്‍ത്ഥികള്‍ വിജയിക്കുകയും 12525 പേര്‍ ഫുള്‍ എപ്ലസ് നേടുകയും ചെയ്തിട്ടുണ്ട്. വസ്തുതകള്‍ അംഗീകരിക്കാതെയാണ് ഒന്നാം അലോട്ട് മെന്റ് വരുന്നതിന് മുമ്പ് എംഎസ്എഫിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഹയര്‍സെക്കണ്ടറി പൊതുവിദ്യാലയങ്ങളുടെ സീറ്റ് മാത്രം വെച്ചുകൊണ്ട് പ്ലസ് വണ്‍ പ്രവേശത്തിന് നിലവില്‍ സ്ഥിതിയുണ്ട്. മലപ്പുറം ജില്ലയില്‍ 82,466 അപേക്ഷകള്‍ വന്നു. ഇതില്‍ 7,606 പേര്‍ ജില്ലയ്ക്ക് പുറത്തുള്ളവരാണ്. അത് മാറ്റിയാല്‍ 74,860 പേര്‍ ജില്ലയ്ക്കകത്തുള്ളവരാണ്. 4,352 പേര്‍ക്ക് മറ്റ് ജില്ലകളില്‍ പ്രവേശനം ലഭിച്ചു. ഇത് കഴിഞ്ഞാല്‍ 78,114 പേരാണുള്ളത്. അലോട്ട് മെന്റ് നല്‍കിയിട്ടും പ്രവേശനം നേടാത്ത 11,546 പേരുണ്ട്. മാനേജ്മെന്റ് ക്വേട്ടയിലും കമ്മ്യൂണിറ്റി, സ്പോട്സ്, എംഎആര്‍എസ്, അണ്‍എയിഡഡ് സ്‌കൂളുകളിലായി 4992 പേരുണ്ടെന്നും മന്ത്രി പറഞ്ഞു.