മൂന്ന് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ സുരക്ഷിതരായി ഇരിക്കണമെന്നു ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ സൂര്യ പ്രകാശം നേരിട്ട് എല്‍ക്കുന്നത് ഒഴിവാക്കണമെന്നു മന്ത്രി വ്യക്തമാക്കി. വെള്ളം ധാരാളം കുടിക്കണമെന്നും അവര്‍ പറഞ്ഞു.
മന്ത്രിയുടെ കുറിപ്പ്
ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണം. അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണ്.