പത്തനംതിട്ട: ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഢനത്തിനിരയാക്കിയ കേസിൽ യുവാവിന് 77 വർഷം കഠിനതടവ് വിധിച്ച് കോടതി. ത്തനംതിട്ട പ്രമാടം ഇളകൊള്ളൂർ കളർ നിൽക്കുന്നതിൽ സോമൻ മകൻ സുനിലിനെ(27)യാണ് 14 വയസ്സ് മാത്രം പ്രായമുള്ള കുട്ടിയെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചത്. പ്രതിക്ക് 77 വർഷം കഠിന തടവിന് പുറമെ മൂന്നര ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാൽ ഒന്നര വർഷം അധിക കഠിന തടവും ഒടുക്കണമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. പത്തനംതിട്ട പോക്സോ പ്രിൻസിപ്പൽ ജഡ്ജ് ജയകുമാർ ജോൺ ആണ് ശിക്ഷ വിധിച്ചത്. ഇന്ത്യൻ പീനൽ കോഡ് പോക്സോ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2019ലാണ് കേസിന് ആസ്പദമായ സംഭവം. എട്ടാം ക്ലാസ് വിദ്യാർത്ഥിനിയും ബന്ധുവുമായ പെൺകുട്ടിയെയാണ് പ്രതി പല തവണ ലൈംഗിക പീഢനത്തിനിരയായത്. ഭീഷണിയിലൂടെയും ബലപ്രയോഗത്തിലൂടെയും പ്രതി പെൺകുട്ടിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭയം മൂലം പെൺകുട്ടി അന്ന് വിവരം പുറത്തു പറഞ്ഞിരുന്നില്ല. പിന്നീട് 2022ൽ പ്രതി വീണ്ടും ലൈംഗികാതിക്രമത്തിന് മുതിർന്നപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇരായ പെൺകുട്ടി ബന്ധുവായ മറ്റൊരു പെൺകുട്ടിയോട് വിവരം പങ്കുവയ്ക്കുകയായിരുന്നു. ഈ പെൺകുട്ടി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിൻസിപ്പൽ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ: ജയ്സൺ മാത്യൂസ് ഹാജരായ കേസിന്റെ അന്വേഷണ ചുമതല വനിതാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. ആർ ലീലാമ്മയ്ക്കായിരുന്നു.