മലപ്പുറം :കോട്ടയ്ക്കല്‍ സ്വദേശിയും ഭിന്നശേഷിക്കാരനുമായ വിജയന് മന്ത്രി വി. അബ്ദുറഹ്‌മാന്റെ ഇടപെടലില്‍ അദാലത്തില്‍ ആശ്വാസത്തിന്റെ കൈത്താങ്ങ്. വിജയന്‍ അദാലത്തില്‍ എത്തിയത് നിരവധി പരാതികളുമായാണ്. സ്വന്തമായി വീടില്ല, ഭാര്യക്ക് മാസത്തില്‍ മൂന്നു തവണ ഡയാലിസിസ് ചെയ്യാനുള്ള സാമ്പത്തിക സഹായം, വികലാംഗ പെന്‍ഷന്‍ ലഭ്യമാക്കല്‍ എന്നിങ്ങനെയായിരുന്നു പരാതികള്‍. സര്‍ക്കാര്‍ സഹായം ലഭിക്കുമോ എന്നറിയാനാണ് തിരൂര്‍ താലൂക്കുതല അദാലത്തിലെത്തി മന്ത്രി വി. അബ്ദുറഹ്‌മാനെ കണ്ടത്.
ഭാര്യയും തൊഴിരഹിതനായ മകനുമുള്‍പ്പെട്ടതാണ് വിജയന്റെ കുടുംബം. 68 കാരനായ വിജയനെ ശ്രദ്ധാപൂര്‍വ്വം കേട്ട മന്ത്രി അദ്ദേഹത്തെ ‘ആശ്രയ’ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവസിപ്പിക്കാനും, സാമൂഹ്യ സുരക്ഷാ മിഷന്റെ ‘സമാശ്വാസം ‘പദ്ധതിയില്‍ പെടുത്തി ഡയാലിസിസ് സൗജന്യമാക്കാമെന്ന ഉറപ്പുമാണ് നല്‍കിയത്. മാത്രമല്ല, വികലാംഗ പെന്‍ഷന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കാം എന്ന ഉറപ്പും നല്‍കി. ഇതോടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ട ആശ്വാസത്തിലാണ് വിജയന്‍ അദാലത്തില്‍ നിന്നും മടങ്ങിയത്.